ഭാര്യയെ കഴുത്തറുത്ത് കൊന്നു, കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് കട്ടിലില്‍ കിടത്തി; ഭര്‍ത്താവ് പിടിയില്‍
ഇടുക്കി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയില്‍ ആദിലക്ഷ്മി (31)യെ കൊലപ്പെടുത്തിയ ഭര്‍ത്താവ് രാജയെന്ന് വിളിക്കുന്ന രാജന് (35) ആണ് അറസ്റ്റിലായത്. നീണ്ട നാളുകളായി നിലനിന്നിരുന്ന കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ രാജ അടുക്കളയില്‍ കറിവയ്ക്കുകയായിരുന്ന ആദിലക്ഷ്മിയോട് തട്ടിക്കയറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആദിലക്ഷ്മി എതിര്‍ത്തു. ഇതില്‍ പ്രകോപിതനായ രാജ സമീപത്തിരുന്ന കത്തിയെടുത്ത് ആദിലക്ഷ്മിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
ഇത് കണ്ടുനിന്ന രാജയുടെ അമ്മ ഉറങ്ങിക്കിടന്ന കുട്ടിയെയുമെടുത്തുക്കൊണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടി സമീപവാസികളോട് കാര്യം പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നതിനാല്‍ സമീപവാസികള്‍ അതത്ര കാര്യമാക്കിയില്ല. കുത്തിക്കൊന്നെന്ന് അലമുറയിട്ട് കരഞ്ഞതോടെ നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തി. ആദിലക്ഷ്മിയുടെ മരണം ഉറപ്പാക്കിയ രാജ ഇവരുടെ ശരീരം കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് കട്ടിലില്‍ കിടത്തി. നാട്ടുകാര്‍ കൂടിയതോടെ രാജ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.
നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ സംഘം നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
രാജയുടെ അമ്മയുടെ പേരിലുള്ള സ്ഥലം തന്റെ പേരിലാക്കണമെന്ന് ആദിലക്ഷ്മി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജയുമായി ദീര്‍ഘനാളുകളായി തര്‍ക്കമുണ്ടായിരുന്നതായും കേസ് കോടതിയുടെ പരിഗണനയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആദിലക്ഷ്മി പത്തുവര്‍ഷംമുന്‍പാണ് ആദ്യ ബന്ധം വേര്‍പെടുത്തി രാജയ്ക്കൊപ്പം താമസിച്ചുതുടങ്ങിയത്. ഇവര്‍ക്ക് ആറുവയസ്സ് പ്രായമായ കുട്ടിയുമുണ്ട്. ആദ്യബന്ധത്തില്‍ ആദിലക്ഷ്മിക്ക് പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്.
കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി.രാജ്മോഹന്‍, എസ്.ഐ. ടി.ഡി.സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. രാജയുടെ അമ്മയെയും കുട്ടിയെയും ബന്ധുവീട്ടിലേക്ക് മാറ്റി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.