പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ സഹോദരനടക്കം മൂന്നുപേര്‍ പിടിയില്‍ സിനിമയെ വെല്ലും പ്രണയകഥ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാക്കുളം സ്വദേശിനിയായ 17 കാരിയെയും കണ്ണനല്ലൂര്‍ സ്വദേശിനിയായ 15-കാരിയെയുമാണ് തട്ടിക്കൊണ്ടുപോയത്.
കൊല്ലം കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം ഷിജിന് ആന്റണി (21), പ്രാക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്, കാര്‍ ഡ്രൈവര്‍ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവം സംബന്ധിച്ച് പോലീസ് പറഞ്ഞത്: പ്രാക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയെ കാമുകന് എത്തിച്ചുകൊടുക്കാന്‍ സഹോദരന് കൂട്ടുനില്‍ക്കുകയായിരുന്നു. പകരം ഇയാളുടെ കാമുകിയായ 15-കാരിയെ മറ്റെയാള്കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും 21 കാരനായ സഹോദരനെയും കാണാതായതായി ബന്ധുക്കള്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതേദിവസം കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ 21 കാരനെയും 15 വയസ്സുള്ള പെണ്‍കുട്ടിയെയും കാണാനില്ലെന്ന പരാതിയും ലഭിച്ചിരുന്നു.
അഞ്ചാലുംമൂട് പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമിഴ്നാട് വേളാങ്കണ്ണി പള്ളിക്കു സമീപമുണ്ടെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെയും സഹോദരനെയും കാമുകനെയും പെണ്‍കുട്ടിയുടെ സഹോദരന്റെ 15 വയസ്സുള്ള കാമുകിയെയും തമിഴ്നാട് വേളാങ്കണ്ണി പള്ളിക്ക് സമീപമുള്ള ലോഡ്ജില്‍നിന്ന് കണ്ടെത്തുകയായിരുന്നു.കാറിലാണ് ഇവര്‍ വേളാങ്കണ്ണിക്കുപോയത്. അഞ്ചാലുംമൂട് സി.ഐ. അനില്‍കുമാര്‍, എസ്.ഐ.മാരായ ശ്യാംകുമാര്‍, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.