കാസർകോട് നിന്ന് അറവുമാലിന്യവുമായി വന്ന വാഹനം കൊട്ടിയൂരിൽ നാട്ടുകാര്‍ തടഞ്ഞു
കണ്ണൂർ: കാസര്‍കോടു നിന്ന് വയനാട് മേപ്പാടിയിലേക്ക് അറവുമാലിന്യവുമായി പോവുകയായിരുന്ന പിക് അപ് വാഹനം കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് നാട്ടുകാര്‍ തടഞ്ഞു.രൂക്ഷ ദുര്‍ഗന്ധവും പുഴുക്കളും കണ്ടതോടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്.വളം നിര്‍മ്മിക്കാനാണ് ഇവ കൊണ്ടുപോകുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു.കഴിഞ്ഞ രാത്രി പത്തു മണിയോടെയാണ് വാഹനം പാല്‍ച്ചുരത്ത് എത്തിയത്.കയറ്റം കയറുന്നതിനിടയില്‍ മലിനജലവും പുഴുക്കളും റോഡില്‍ ഒഴുകാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്.കേളകം പോലീസ് സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്തു . കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് അറവ് മാലിന്യം വയനാട്ടിലേക്ക് കടത്തുന്നത്. ഈ സ്ഥാപനത്തിനെതിരെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും കാസർകോട് ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.