കാസർകോട്: രണ്ടാംദിനവും ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെയും ജില്ലാമേധാവി ഡി ശില്പയുടെയും നേതൃത്വത്തില്‍ ജില്ലയിലെ പ്രശ്നബാധിത പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളില്‍ ഒരുക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇവര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. രണ്ടാംദിനമായ ബുധനാഴ്ച കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകള്‍, അജാനൂര്‍, പൂല്ലൂര്‍-പെരിയ, ചെമ്മനാട്, മടിക്കൈ, കയ്യൂര്‍-ചീമേനി, പിലിക്കോട്, പടന്ന, തൃക്കരിപ്പൂര്‍, പള്ളിക്കര എന്നീ പഞ്ചായത്തുകളിലെ പ്രശ്ന ബാധിത ബൂത്തുകളാണ് സന്ദര്‍ശിച്ചത്. സബ്കളക്ടര്‍ ഡി ആര് മേഘശ്രീ, റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ കളക്ടറെ അനുഗമിച്ചു. ആദ്യദിനമായ ചൊവ്വാഴ്ച മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ പ്രശ്നബാധിത ബൂത്തുകളാണ് സന്ദര്‍ശിച്ചത്.
കളക്ടര്‍ കാസര്‍കോട് ഗവ. കോളേജിലെ
സ്ട്രോംഗ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു കാസര്‍കോട് ഗവ കോളേജിലെ സ്ട്രോംഗ് റൂം സന്ദര്‍ശിച്ച് ,സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക്് കളക്ടര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്കി. തെരഞ്ഞെടുപ്പിന് ശേഷം, കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ അതീവ സുരക്ഷയോടെ ഇവിടെയാണ് സൂക്ഷിക്കുക. ഈ പഞ്ചായത്തുകളുടെയും നഗരസഭയുടെയും പോളിങ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളും കോളേജില്‍ തന്നെയാണ് സജ്ജീകരിക്കുക. ഇവയുടെ വോട്ടെണ്ണെല്‍ കേന്ദ്രവും ഇവിടെ തന്നെയാണ്. ജില്ലാ പോലീസ് മേധാവി ഡി ശില്പ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ വി.ജെ. ഷംസുദ്ദീന്, അസി. റിട്ടേണിങ് ഓഫീസര്‍ അനുപം എന്നിവര്‍ കളക്ടറോടൊപ്പമുണ്ടായിരുന്നു.