ഫൈസര്‍ വാക്സിന് പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി; ആദ്യഘട്ടത്തില്‍ നല്‍കുക 20 ദശലക്ഷം പേര്‍ക്ക്
ലണ്ടന്‍: അവസാന ഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ കൊവിഡ് വാക്സിന് പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്കി യു.കെ. ബ്രിട്ടണിലെ ആരോഗ്യസമിതിയായ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സി വാക്സിന് പൊതുജനങ്ങളില്‍ ഉപയോഗിക്കാം എന്ന് അനുമതി നല്‍കിയതോടെ കൊവിഡ് വാക്സിന് പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് യു.കെ.രണ്ട് കോടി ജനങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്സിന് എന്ന കണക്കിന് നാല്പത് ദശലക്ഷം ഫൈസര്‍ വാക്സിന് രാജ്യം ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. ഇതില്‍ പത്ത് ദശലക്ഷം വാക്സിന് ഉടനെ എത്തും. അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനി ജര്‍മ്മന്‍ കമ്പനി ബയോ എന്‍ടെക്സിയുമായി ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചത്. വിവിധ പ്രായക്കാരില്‍ പരീക്ഷണം നടത്തിയെങ്കിലും ആരിലും ഇതുവരെ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.അതേസമയം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശിയായ വളണ്ടിയര്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായി എന്ന പരാതിയില്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. ഈ പരാതിക്കെതിരെ കമ്പനി നൂറ് കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കിയിരിക്കുകയാണ്. സംഭവത്തിന്റെ പേരില്‍ വാക്സിന് പരീക്ഷണം നിര്‍ത്തേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.