ധനമന്ത്രിക്കെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടുന്നത് ചരിത്രത്തില്‍ ആദ്യം
തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് അവകാശ ലംഘനമാണെന്നു കാട്ടിയുള്ള കോണ്‍ഗ്രസ് എംഎല്‍എ വി.ഡി. സതീശന്റെ നോട്ടിസും മന്ത്രിയുടെ മറുപടിയും സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്കു വിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ നോട്ടിസ് സ്പീക്കര്‍ തീര്‍പ്പാക്കാന്‍ തയാറാകാതെ എത്തിക്സ് കമ്മിറ്റിക്കു വിടുന്നത്.
സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ആരോപണം. തോമസ് ഐസക് പ്രഥമദൃഷ്ട്യാ കുറ്റം ചെയതെന്നും അദ്ദേഹം ധനമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതിന്റെ പേരില്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും എത്തിക്സ് കമ്മിറ്റിക്കു വിട്ടാല്‍ അവിടെ ഹാജരായി നിലപാടു വ്യക്തമാക്കാന്‍ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നു മന്ത്രി തന്നെ പറഞ്ഞതിനാല്‍ സ്പീക്കര്‍ ആ വഴിക്കും നീങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ധനമന്ത്രിയുടെ നടപടി സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയത്.