അതീവ ജാഗ്രത നിര്‍ദേശം; ബുറേവി ചുഴലിക്കാറ്റ് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ കനത്ത മഴയുണ്ടാവും
തിരുവനന്തപുരം:ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ വ്യാപകമായി മഴലഭിക്കും. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലയെ ചുഴലിക്കാറ്റ് തൊടും. വെള്ളിയാഴ്ചയാണ് ബുറേവി കേരളത്തിലെത്തുക. മലയോരമേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ബുറേവിയുടെ പശ്ചാത്തലത്തില്‍ ദേശീയ ദരരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി. എല്ലാതെക്കന്‍ജില്ലകളിലും ഓരോയൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെ സേന നിലയുറപ്പിക്കും.
ശ്രീലങ്കന്‍ തീരത്തുനിന്ന് 470 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്ററും അകലെയാണ് നിലവില്‍ ബുറേവി ചുഴലിക്കാറ്റ്. ഇതോടെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്.
വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം