ജില്ലയിൽ 20 പോളിങ് ബൂത്തുകൾക്ക് ഒരു സെക്ടറൽ ഓഫിസറെ വീതം നിയോഗിച്ചു
കാസർകോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ജില്ലയിൽ 20 പോളിങ് ബൂത്തുകൾക്ക് ഒരു സെക്ടറൽ ഓഫിസറെ വീതം നിയോഗിച്ചു. ബന്ധപ്പെട്ട പോളിങ് ബൂത്തുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പുരോഗതി റിപ്പോർട്ട് ചെയ്യുകയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുകയുമാണ് ഇവരുടെ ചുമതല. ജില്ലയിൽ വില്ലേജ് ഓഫിസർമാരെയാണ് സെക്ടറൽ ഓഫിസർമാരാക്കിയത്. വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് മുതൽ പോളിങ്ങിനുശേഷം സാധനങ്ങൾ തിരികെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നതുവരെയാണ് സെക്ടറൽ ഓഫിസർമാരുടെ പ്രവർത്തനസമയം. ഇവർ വോട്ടെടുപ്പിനു മുമ്പ് ഓരോരുത്തർക്കും ചുമതലപ്പെടുത്തിയ ബൂത്തുകൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ ഉറപ്പുവരുത്തും. പോളിങ്ങിന് തലേദിവസം വൈകീട്ട് എല്ലാ ബൂത്തുകളും സന്ദർശിച്ച് വോട്ടർപട്ടികയുടെ മാർക്ക്ഡ് കോപ്പി പ്രിസൈഡിങ് ഓഫിസർക്ക് രേഖാമൂലം കൈമാറേണ്ടത് സെക്ടറൽ ഓഫിസർമാരാണ്. പോളിങ് ഉദ്യോഗസ്ഥർ മുഴുവൻ എത്തിയിട്ടുണ്ടോയെന്നും തെരഞ്ഞെടുപ്പ് സാമഗ്രികളും കോവിഡ് പ്രതിരോധസാമഗ്രികളും ലഭ്യമായിട്ടുണ്ടോയെന്നും ഇവർ ഉറപ്പുവരുത്തും. ഏതെങ്കിലും ബൂത്തിൽ പുതിയ വോട്ടിങ് യന്ത്രം ആവശ്യമായിവന്നാൽ അവ ഉടൻ ലഭ്യമാക്കി റിട്ടേണിങ് ഓഫിസറുമായി ബന്ധപ്പെട്ട് കാൻഡിഡേറ്റ് സെറ്റിങ് നടത്തും. ബൂത്തിലോ പരിസരത്തോ സ്ഥാനാർഥികളോ പ്രവർത്തകരോ വോട്ടർമാരോ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അവ ഉടൻ പൊലീസിനെയും മറ്റ് അധികാരികളെയും അറിയിച്ച് നടപടി സ്വീകരിക്കേണ്ടത് സെക്ടറൽ ഓഫിസർമാരുടെ ചുമതലയാണ്. സെക്ടറൽ ഓഫിസർമാർക്കുള്ള പരിശീലനം കലക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടത്തി. ജില്ല കലക്ടർ ഡോ.ഡി. സജിത്ത്ബാബു, തെരഞ്ഞെടുപ്പ് പരിശീലനത്തിൻെറ നോഡൽ ഓഫിസർ കെ. ബാലകൃഷ്ണൻ, എൻ.ഐ.സി ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ കെ. രാജൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.കാസർകോട്: കോവിഡ് ചട്ടങ്ങളുടെ ഭാഗമായി ഓരോ പോളിങ് ബൂത്തിലേക്കും ഏഴുലിറ്റർ സാനിറ്റൈസർ നൽകും. അഞ്ച് ലിറ്ററിന്റെ ഒരു കാൻ, 500 മില്ലിലിറ്ററിന്റെ നാല് കുപ്പികൾ എന്നിവയാണ് നൽകുക. 18 മുഖാവരണം, 12 ജോടി കൈയുറ, ആറ് ഫെയ്സ് ഷീൽഡ്, പി.പി.ഇ. കിറ്റ് എന്നിവയും ബൂത്തിലുണ്ടാകും.
ബൂത്തുകളിലേക്കുള്ള കോവിഡ്-19 പ്രതിരോധ സാമഗ്രികളുടെ വിതരണം തുടങ്ങിക്കഴിഞ്ഞു. 1409 ബൂത്തുകളാണ് ആകെ ജില്ലയിലുള്ളത്.
പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടറുടെ കൈകളിൽ പോളിങ് അസിസ്റ്റന്റ് സാനിറ്റൈസർ തളിക്കും.
കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ പോളിങ് ബൂത്തിന് മുന്നിലെ ക്യൂവിൽ വോട്ടർമാർ തമ്മിൽ ഒന്നരമീറ്റർ അകലം വേണം. ഡിസംബർ 13-ന് ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവാകുന്നവർക്ക് ഡിസംബർ 14-ന് വൈകീട്ട് അഞ്ചുമണിക്ക് ശേഷം വോട്ട് ചെയ്യാമെന്ന് കളക്ടർ പറഞ്ഞു. ആ സയമം ക്യൂവിലുള്ളവരെ ടോക്കൺ നൽകി പ്രത്യേക മുറിയിലേക്ക് മാറ്റി കോവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കും. ഇതിനായി അഞ്ചുമണിക്കുശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ. കിറ്റ് നൽകും. ഈ പി.പി.ഇ. കിറ്റുകൾ സെക്ടറൽ ഓഫീസർമാർ ശേഖരിച്ച് ബന്ധപ്പെട്ട ആശുപത്രികളിലെത്തിച്ച് സംസ്കരിക്കും.