മംഗളൂരുവില്‍ മീന്‍പിടിത്ത ബോട്ട് മുങ്ങി രണ്ടുപേര്‍ മരിച്ചു
മംഗളൂരു : ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയി മടങ്ങവേ ബോട്ട് മുങ്ങി രണ്ടുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. മംഗളൂരു ബൊക്കപട്ടണ സ്വദേശികളായ പാണ്ഡുരംഗ സുവര്‍ണ, പ്രീതം സുവര്‍ണ (58) എന്നിവരാണ് മരിച്ചത്. സിയാവുള്ള (32), അന്‍സാര്‍ (31), ഹുസൈനാര് (25), ചിന്തന്‍ (21) എന്നിവരെയാണ് കാണാതായത്. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റു 16 മീന്‍പിടിത്തക്കാര്‍ രക്ഷപ്പെട്ടു. ശ്രീരക്ഷ എന്ന ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഉള്ളാളിനടുത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. മംഗളൂരുവില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെട്ട ബോട്ട് ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തേണ്ടതായിരുന്നു. എത്താതെവന്നതോടെ ഇതിലുണ്ടായിരുന്നവരെ ബോട്ടുടമ വയര്‍ലെസ് മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെ സംശയം തോന്നി സമാനസമയം കടലില്‍ മീന്‍പിടിക്കാന്‍ മറ്റു ബോട്ടിലുള്ളവര്‍ക്ക് സന്ദേശം നല്കി. ഇവര്‍ നടത്തിയ തിരച്ചിലില്‍ 16 പേരെ വലിയ ബോട്ടില്‍ സുരക്ഷയ്ക്കായി കരുതുന്ന ചെറിയ രക്ഷാബോട്ടില് കണ്ടെത്തി. ഇവരെ രക്ഷപ്പെടുത്തി വിവരം ചോദിച്ചപ്പോഴാണ് ബോട്ട് മുങ്ങിയ കാര്യം അറിയുന്നത്. നിറയെ മീനുമായി മടങ്ങുകയായിരുന്ന ബോട്ട് ശക്തമായ കാറ്റില്‍ പെട്ട് നിയന്ത്രണംവിട്ട് മുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. കടലില്‍ കാണാതായവര്‍ക്കുവേണ്ടി തീരസംരക്ഷണസേനയുടെ ബോട്ടുകള്‍ തിരച്ചില്‍തുടങ്ങി.