കാസര്‍കോട്: മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തടഞ്ഞ ട്രാവലര്‍ വാഹനത്തില്‍ തന്നെ കോടതി ജീവനക്കാര്‍ ഇന്നലെയും ജോലിക്കെത്തി. തടയാനോ വാഹനം പിടികൂടാനോ ഇന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ല. വെള്ളിയാഴ്ച നിയമവിരുദ്ധ യാത്രയെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനവകുപ്പ് കോടതി ജീവനക്കാരുടെ രണ്ട് വാഹനം തടഞ്ഞ് പിഴ ഈടാക്കിയത്. എന്നാൽ യാത്ര നിയമ വിരുദ്ധമല്ലെന്നാണ് ജീവനക്കാരുടെ വാദം.
മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് നാല് ആര്.ടി ഓഫീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതോടെ സംഭവം ഏറെ വിവാദമായിരുന്നു. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ 20 പരാതിയാണ് ആര്.ടി ഓഫീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെന്നിരിക്കെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് എത്തി നില്‍ക്കുന്നത്. അതേസമയം കേസ് ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കോടതി ജീവനക്കാരുമായി ബന്ധപ്പെടുകയാണ്. പ്രശ്നപരിഹാരത്തിനായി കോടതിക്ക് പുറത്തു വച്ചു ചർച്ച നടത്താനാണ് നീക്കം.
കൊവിഡ് കാരണം പൊതുഗതാഗത സംവിധാനം കുറവായതിനാലാണ് കോടതി ജീവനക്കാര്‍ ടൂറിസ്റ്റ് യാത്രകള്‍ക്ക് ഉപയോഗിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസിലാണ് മാസങ്ങളായി കോടതിയിലെത്തിയിരുന്നത്. പയ്യന്നൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് 100 ഓളം പേരാണ് വിവിധ വാഹനങ്ങളിലായി ജോലിക്കെത്തിയിരുന്നത്. ഇതു നിയമവിരുദ്ധമാണെന്നു പറഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വാഹനം തടഞ്ഞത്. കെ.എസ്.ആര്.ടി.സി അധികൃതര്‍ കളക്ടര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 8000 രൂപ പിഴ അടപ്പിച്ചാണ് വാഹനം അന്ന് വിട്ടയച്ചത്. പിന്നീട് ഉദ്യോഗസ്ഥര്‍ കാലുമാറി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു പരാതി നകിയതിനെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകളടക്കമുള്ള 18 ജീവനക്കാര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ. കോടതി ജീവനക്കാര്‍ 20 പരാതികളാണ് പൊലീസിന് നല്‍കിയത്. ഇതോടെ ഓരോ കേസിലും വെവ്വേറെ നിയമനടപടി കോടതിക്ക് സ്വീകരിക്കേണ്ടിവരും. ജില്ലാ കോടതി, സി.ജെ.എം.കോടതി, മുന്‍സിഫ് കോടതി, അഡീഷനല്‍ ജില്ലാ കോടതി, ഫസ്റ്റ് ക്ലാസ് ജില്ലാ മജിസ്ട്രേട്ട് കോടതി തുടങ്ങി പല കോടതി ജീവനക്കാരാണ് പരാതിക്കാര്‍. രണ്ടുവിഭാഗത്തിന് വേണ്ടിയും കെ.എസ്.ആര്.ടി ജീവനക്കാരുടെയും കോടതി ജീവനക്കാരുടെ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.