ലോറി മറിഞ്ഞപ്പോൾ അധികൃത കേന്ദ്രങ്ങൾ ഉണർന്നു പ്രതിഷേധവും ആളിക്കത്തി ഒടുവിൽ റോഡരികിൽ മണ്ണിട്ട് നിരപ്പാക്കൽ തുടങ്ങി
നീലേശ്വരം: റീടാർ ചെയ്ത നീലേശ്വരം-കാലിക്കടവ് ദേശീയപാതയ്ക്കരികിൽ മണ്ണിട്ട് നിരപ്പാക്കൽ തുടങ്ങി. റോഡ് ഉയർന്നതിനെത്തുടർന്ന് അരികിൽനിന്ന് വാഹനങ്ങൾ റോഡിലേക്ക് കയറ്റാനോ ഇറക്കാനോ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റിന് സമീപം ചരക്കുലോറി അരികിലേക്ക് മറിഞ്ഞിരുന്നു. വാഹനങ്ങൾ ഒടിക്കുന്നവർ വലിയ ബുദ്ധിമുട്ടിലായിരുന്നു. ദേശീയപാതയിൽ നീലേശ്വരംമുതൽ കാലിക്കടവ് വരെ 10 കിലോമീറ്ററാണ് പ്രവൃത്തി നടക്കുന്നത്.
നീലേശ്വരം മുതൽ പടുവളം വരെ ഇതിനോടകം ടാറിട്ടു കഴിഞ്ഞു. എന്നാൽ അരിക് മണ്ണിട്ട് നിറച്ചിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്. മണ്ണിട്ട് നിരപ്പാക്കാൻ എസ്റ്റിമേറ്റിൽ തുക കുറവാണെന്നും മണ്ണ് കിട്ടാനില്ലെന്നുമായിരുന്നു പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) അധികൃതരുടെ നിലപാട്. ടാറിട്ടതിനു പിന്നാലെ അപകടങ്ങൾ സംഭവിക്കുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെയാണ് ഞായറാഴ്ച രാവിലെ മണ്ണിട്ട് നിരപ്പാക്കാൻ തുടങ്ങിയത്.