ആടിനെ പ്രതിയാക്കി രക്ഷപ്പെടാന്‍ നോക്കി, പക്ഷേ ഭാര്യയുടെ അവസാനവാക്ക് കുരുക്കായി: ഭാര്യയെ ചവിട്ടിക്കാെന്ന ഭര്‍ത്താവ് ഒടുവില്‍ പിടിയിലായി
കൊല്ലം: വാലപ്പാറയിലെ ആശയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചത് മരണക്കിടക്കയില്‍ യുവതി മാതാപിതാക്കളോട് പറഞ്ഞ വാക്കുകള്‍. വീടിന് സമീപത്തെ പാറമുകളില്‍ വച്ച് ആട് ഇടിച്ചിട്ടതിനെത്തുടര്ന്നുളള വീഴ്ചയില്‍ ആശയ്ക്ക് പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് അരുണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ആശയുടെ മാതാപിതാക്കളായ ജോര്‍ജും ശോഭയും വിശ്വസിച്ചില്ല. ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടുകൊണ്ടിരുന്നപ്പോഴാണ് എന്നെ ഇടിച്ചിട്ടത് ആടല്ലെന്ന് ആശ മാതാപിതാക്കളോട് പറഞ്ഞത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണിനെ അറസ്റ്റുചെയ്തു. 26കാരിയായ ആശ കഴിഞ്ഞ നാലിനാണ് മീയണ്ണൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.സംഭവിച്ചത് ഇങ്ങനെ: മദ്യപിച്ചെത്തിയ അരുണ്‍ ഒക്ടോബര്‍ 31ന് ആശയുമായി വഴക്കിട്ടു. വഴക്കിനൊടുവില്‍ അരുണ്‍ ആശയുടെ വയറ്റില്‍ ആഞ്ഞുചവിട്ടി. ഇതോടെ ആശ ബോധംകെട്ട് വീണു. ഈ മാസം രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ മീയ്യണ്ണൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി രണ്ടു മക്കളെയും അരുണിന്റെ അമ്മയെയും പൊലീസ് ചോദ്യം ചെയ്തതോടെ ആശുപത്രിയില്‍ നല്കിയ മൊഴിയിലും വീട്ടുകാര്‍ നല്കിയ മൊഴികളിലെ വൈരുധ്യം കണ്ടെത്തി. പാറയുടെ മുകളില്‍ നിന്നു വീണാല്‍ ശരീരം മുഴുവന്‍ മുറിവുകളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ആശയുടെ ശരീരത്തില്‍ ആകെ ഏഴ് മുറിവുകളാണ് കണ്ടെത്താനായത്. ഇവയില്‍ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.