കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട പിടികൂടിയത് 1 കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311.30 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി 15 ലക്ഷം രൂപ വില വരും. ദുബായില്‍ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനില്‍ നിന്നാണ് 1568.2 ഗ്രാം സ്വര്‍ണവും വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് വച്ച രീതിയില്‍ കണ്ട 1262.20 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടിയത്.ഇന്നലെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 77 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. തിരൂര്‍ സ്വദേശി ഉനൈസില്‍ (25) നിന്നാണ് 1600 ഗ്രാം സ്വര്‍ണം പിടിച്ചത്. ജിദ്ദയില്നിന്നുളള സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു ഉനൈസ് കരിപ്പൂരില്‍ എത്തിയത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെളളനിറം പൂശിയ നിലയില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.