വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയറില്‍ കഴുത്ത് കുരുങ്ങി കാഞ്ഞങ്ങാട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കാഞ്ഞങ്ങാട് : വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കൊലക്കയറായി. ബൈക്കപകടത്തില്‍ മടിക്കൈ കണ്ടംകുട്ടിച്ചാല്‍ സ്വദേശിയും രാവണേശ്വരത്ത് താമസക്കാരനുമായ പി.പി രതീഷ്(35) മരിച്ചു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. എഞ്ചിന് തകരാര്‍ മൂലം കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള റോഡരികില്‍ കിടന്ന പാഴ് വസ്തുക്കള്‍ കയറ്റിയ ഗുഡ്സ് ഓട്ടോയെ മറ്റൊരു വാഹനത്തിന്റെ പുറകില്‍ കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം. മുമ്പിലുള്ള വാഹനം ഇഖ്ബാല്‍ ജംഗ്ഷനിലേക്കു തിരിഞ്ഞയുടന്‍ പിറകില്‍ എഞ്ചിന് തകരാര്‍ ഉള്ള വാഹനം പ്രധാന റോഡില്‍ ഉളള സമയത്ത് കാഞ്ഞങ്ങാടു ഭാഗത്തു നിന്നു രാവണേശ്വരം ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന രതീഷിന്റെ കഴുത്തില്‍, വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കുരുങ്ങിയത്. യുവാവ് റോഡിലേക്കു തെറിച്ചു വീണതോടൊപ്പം ബൈക്ക് മീറ്ററുകളോളം ദൂരേക്കു തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ യുവാവിനെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കെട്ടിവലിക്കാന്‍ ഉപയോഗിച്ച നീളമുള്ള പ്ലാസ്റ്റിക്കു കയര്‍ കൊണ്ട് യുവാവിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്നു റോഡില്‍ തളം കെട്ടിയിരുന്നു. തുടര്‍ന്നു അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി ഗതാഗത തടസം നീക്കി ഭാര്യ: സബിത. മക്കള്‍: നിധീഷ്, നിമിഷ