കാഞ്ഞങ്ങാട്: മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്ന യുവാവ് സഞ്ചരിച്ച കാർ ഓട്ടോയിലിടിച്ച് തല കീഴായി മറിഞ്ഞു. രാവണീശ്വരം സ്വദേശി അനീഷ് സഞ്ചരിച്ച കാറാണ് അതിഞ്ഞാൽ കെഎസ്ടിപി റോഡിൽ ഇന്ന് രാവിലെ 6-30 മണിയോടെ അപകടത്തിൽപ്പെട്ടത്. ഡ്രൈവിംഗിനിടെ അനീഷ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലകീഴായി മറിഞ്ഞ കാറിനകത്ത് കുടുങ്ങിയ യുവാവിനെ തട്ടുകട നടത്തുന്ന സിദ്ദീഖിന്റെ നേതൃത്വത്തിൽ നാട്ടുകാർ വലിച്ചെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഡിവൈഡറിലിടിച്ച കാർ, അരയാൽതറ തട്ടുകടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് മറിഞ്ഞാണ് അപകടം. ഓട്ടോ തലകീഴായി മറിഞ്ഞു. തട്ടുകടയിൽ നിന്നും ചായ കുടിക്കാൻ അതിഞ്ഞാൽ സ്വദേശിയായ ഡ്രൈവർ ഇറങ്ങിയ ഉടനെയായിരുന്നു ഓട്ടോയ്ക്ക് കാറിടിച്ചത്. ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാവുങ്കാലിൽ നടന്ന ബന്ധുവിന്റെ ശവ സംസ്ക്കാര ചടങ്ങിൽ സംബന്ധിച്ച് രാവണീശ്വരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്.