കാഞ്ഞങ്ങാട് : മാവുങ്കാൽ കല്യാൺ റോഡിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 6 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്നു.
കല്യാൺ റോഡ് അമൃതാ സ്കൂളിനു മുൻവശത്തെ പ്രവാസിയായ പ്രസാദിന്റെ വീടാണ് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നത്.
പ്രസാദ് വിദേശത്താണ്. പ്രസാദിൻ്റെ ഭാര്യയും മക്കളുമാണ് ഈ വീട്ടിൽ താമസം മകൻ പ്രമിത്തിന് അസുഖമായതിനാൽ കോട്ടച്ചേരി കുന്നുമ്മലിലെ
സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വെളളിയാഴ്ച വൈകുന്നേരം വീടുപൂട്ടി മകന്റെ ചികിത്സക്കായി ഭാര്യ മേബിൻ റോസ്ആശുപത്രിയിൽ പോയതായിരുന്നു.
ശനിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത്. പിക്കാസ് കൊണ്ട് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആറ് ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. പ്രസാദിന്റെ ഭാര്യ മേബിൻ റോസിന്റെ
പരാതിയിൽ ഹോസ്ദുർഗ് ഐ.പി ഇ അനൂപ് കുമാർ ,എസ് ഐ. കെ പി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസും കാസർകോടു നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കവർച്ചക്ക് ഉപയോഗിച്ച പിക്കാസ് വീടിന്റെ പിറക്കുവശത്ത് നിന്ന് കണ്ടെത്തി. മണം പിടിച്ച പോലീസ് നായ വീട്ടിൽ നിന്ന് മുന്നൂറ് മീറ്റർ അകലെയുള്ള വായനശാലയ്ക്ക് സമീപം വരെയെത്തി തിരികെ വന്നു . ഒരാഴ്ച മുമ്പ് അലാമിപള്ളി കാരാട്ടു വയലിനു സമീപത്തെ രണ്ടു ക്ഷേത്രങ്ങളി കവർച്ച നടന്നിരുന്നു.