സത്യം എന്നായാലും പുറത്തുവരും, ആരോപണങ്ങള്‍ സഹിച്ചേ പറ്റുഉമ്മന്ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസില്‍ തന്റെ പേരില്‍ ലൈംഗീക ആരോപണം ഉയര്‍ന്നതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം എന്നായാലും പുറത്തുവരും. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
താനൊരു ദൈവ വിശ്വാസിയാണ്. ആരോപണങ്ങള്‍ വന്നപ്പോള്‍ ദു:ഖിച്ചിട്ടില്ല. ഇപ്പോള്‍ അതിലെ സത്യാവസ്ഥ പുറത്തുവരുമ്പോള്‍ അത്യധികം സന്തോഷിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാറില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഗൂഢാലോചന ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് മറുപടി നല്കാനില്ല. കേസില്‍ ആരുടെയും പേര് താന്‍ പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ഇത്തരം ആരോപണങ്ങളെല്ലാം നേരിടേണ്ടി വരും. അതെല്ലാം സഹിക്കുകയാണ് ചെയ്യേണ്ടത്. ആര്‍ക്കെതിരേയും പ്രതികാരം ചെയ്യാനില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം ഉമ്മന്‍ചാണ്ടിയുടെ പേര് സോളാര്‍ കേസിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്നും മനോജ് വെളിപ്പെടുത്തിയിരുന്നു.