പോലീസിനെ പേടിച്ച് പേരിനുള്ള ഹെൽമെറ്റുകൾ വേണ്ട; ഹെൽമെറ്റിൽ ഈ മാനദണ്ഡങ്ങൾ ഇനി നിർബന്ധം
ന്യൂഡല്‍ഹി:ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ധരിക്കുന്ന ഹെൽമറ്റിനുള്ള ബി ഐ എസ് മാനദണ്ഡം’ പരിഷ്കരിച്ചു. ഇരുചക്ര മോട്ടോർ വാഹനം ഉപയോഗിക്കുന്നവർക്കുള്ള ഹെൽമറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി.
ഹെൽമറ്റുകളിൽ ബിഐഎസ് സർട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിർബന്ധമാക്കി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെൽമറ്റുകൾ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
എയിംസിലെ ഡോക്ടർമാർ, ബി ഐ എസിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലയിലെ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന സമിതി, വിഷയം വിശദമായി പഠിച്ച ശേഷം 2018 മാർച്ചിൽ, ഭാരം കുറഞ്ഞ ഹെൽമറ്റിന് ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കുകയും മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തു.
ഇതേതുടർന്നാണ് ബിഐഎസ്, ഹെൽമറ്റ് നിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഭാരം കുറഞ്ഞ ഹെൽമറ്റുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇരുചക്രവാഹന ഉപയോക്താക്കൾക്കായി, ബി ഐ എസ് സർട്ടിഫിക്കറ്റ് ഉള്ള, ഹെൽമറ്റ് മാത്രമേ രാജ്യത്ത് നിർമ്മിക്കുകയും വിൽക്കുകയുംചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതാണ് ഗുണമേന്മ നിയന്ത്രണ ഉത്തരവ്.ഇതുവഴി, രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെൽമറ്റുകൾ വിൽക്കുന്നത് തടയാൻ കഴിയും