കുപ്രസിദ്ധ മോഷ്ടാവ് വിറകൻ രാധാകൃഷ്ണനെ കാഞ്ഞങ്ങാട് ഡി വൈ എസ് പി എം പി വിനോദ് നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് കർണ്ണാടക മംഗ്ലൂരിലെ ബണ്ഡ്വാളിൽ വെച്ച് പിടികൂടി
കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കരയിൽ കടയുടെ പൂട്ട് പൊളിച്ച് കവർച്ച നടത്തിയ കേസ്സിൽ കുപ്രസിദ്ധ മോഷ്ടാവ് രാധാകൃഷ്ണൻ എന്ന വിറകൻ രാധാകൃഷ്ണനെ 50, പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് പള്ളിക്കര ജംഗ്ഷനിൽ പലചരക്ക് കടയുടെ പൂട്ട് തകർത്ത് 20,000 രൂപയും സിഗരറ്റ് ഉൾപ്പെടെ സാധനങ്ങളും കവർച്ച ചെയ്ത കേസ്സിലാണ് പ്രതി പിടിയിലായത്. രാത്രി നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ പ്രത്യക്ഷപ്പെട്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷണം നടന്ന കടയിൽ വിരലടയാള വിദഗ്ധർ നടത്തിയ തെളിവെടുപ്പിൽ രാധാകൃഷ്ണന്റെ വിരലടയാളം പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ കുടുക്കാനുള്ള തെളിവായി മാറിയത്. നാല് മാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ രാധാകൃഷ്ണൻ നീലേശ്വരത്തും ബേക്കലിലും കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ സാഗർ ഗോൾഡ് കവറിംഗിൽ മോഷണം നടത്തിയത് വിറകൻ രാധാകൃഷ്ണനാണെന്ന് കണ്ടെത്തി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് മോഷണങ്ങൾ നടത്തിയ രാധാകൃഷ്ണന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളുണ്ട്. രാധാകൃഷ്ണൻ ജയിൽമോചിതനായാൽ, അടുത്ത ദിവസം കാസർകോട് ജില്ലയിലെ ഏതെങ്കിലും ഭാഗത്ത് മോഷണം ഉറപ്പാണ്. അതുകൊണ്ട് പോലീസ് ജാഗ്രത പുലർത്താറുണ്ട്.
നാലുമാസം മുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ രാധാകൃഷ്ണൻ 4 കവർച്ചകൾ നടത്തിയാണ് മുങ്ങിയത്. ബേക്കൽ പോലീസ് തിരയുന്നതിനിടെ പ്രതി നീലേശ്വരത്ത് അറസ്റ്റിലാവുകയായിരുന്നു. ബേക്കൽ പള്ളിക്കരയിൽ നേരത്തെ താമസിച്ചിരുന്നുവെങ്കിലും, വിറകൻ രാധാകൃഷ്ണന് വ്യക്തമായ മേൽവിലാസങ്ങളില്ല. കോടതിയിൽ ഹാജരാക്കിയ രാധാകൃഷ്ണനെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പ്രതിയെ ബേക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും.