സ്ഥാനാര്‍ഥിക്ക് കോവിഡെന്ന് വ്യാജ പ്രചാരണം നടത്തി ക്വാറന്റീനിലാക്കി; പരാതിയുമായി യു.ഡി.എഫ്
കോഴിക്കോട്: തലക്കുളത്തൂര്‍ 15-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കോവിഡെന്ന വ്യാജരേഖയുണ്ടാക്കി സി.പി.എം നേതൃത്വത്തിന്റെ ഇടപെടലില്‍ സ്ഥാനാര്‍ഥിയെ ക്വാറന്റീനിലാക്കിയെന്ന് പരാതി. സജിനി ദേവരാജെന്ന സ്ഥാനാര്‍ഥിക്കെതിരെയാണ് പ്രചാരണമുണ്ടായതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ പതിനൊന്നാം തീയതി ഇവരുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കാന്‍ വീട്ടില്‍ സൗകര്യമില്ലാഞ്ഞിട്ട് പോലും മകനെ കോവിഡ് സെന്ററിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നാണ് ആരോപണം. തുടര്‍ന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പതിമൂന്നാം തീയതി കോവിഡ് സെന്ററിലാക്കിയെങ്കിലും വീട്ടിലുള്ളവര്‍ക്ക് ഇരുപതാം തീയതി പരിശോധന നടത്തിയപ്പോല്‍ സജിനിക്ക് മാത്രം കോവിഡ് പോസിറ്റീവെന്ന റിപ്പോര്‍ട്ടാണ് വന്നത്.
തലക്കുളത്തൂര്‍ സി.എച്ച്.സിയില്‍ ശ്രവം ശേഖരിച്ച് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ലാബില്‍ നിന്ന് നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയിലാണ് പോസിറ്റീവ് റിപ്പോര്‍ട്ട് വന്നത്. ഇത് സി.എച്ച്.സിയെ സ്വാധീനിച്ച് സി.പി.എം നേതൃത്വം ഉണ്ടാക്കിയ വ്യാജ റിപ്പോര്‍ട്ടാണെന്നാണ് കോണ്‍ഗ്രസ് നേതതൃത്വം ആരോപിക്കുന്നത്.
22-ാം തീയതി കോഴിക്കോട്ടെ മറ്റ് പ്രമുഖമായ വിവിധ ലാബുകളിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ഇവരുടെ സ്രവം പരിശോധിച്ചിരുന്നു. ഇവിടെ നിന്നെല്ലാം നടത്തിയ ആന്റിജന്‍, ആന്റിബോഡി, ആര്.ടി.പി.സി.ആര് പരിശോധനയില്‍ സജിനിയുടെ ഫലം നെഗറ്റീവ് ആവുകയും ചെയ്തു. ഇതാണ് ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം വരാന്‍ കാരണം. മകന് കോവിഡാണെന്ന് സ്ഥിരീരികരിച്ചിട്ട് പോലും കോവിഡ് സെന്ററിലാക്കാത്തത് അമ്മയ്ക്ക് അസുഖം വരട്ടെയെന്ന സി.പി.എം നേതൃത്വത്തിന്റെ നീചമായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് ആരോപിച്ചു.ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നല്‍കുമെന്നും സിദ്ദിഖ് പറഞ്ഞു.
താന്‍ ഗുരുതരമായ ശാരീരിക പ്രശ്നമുള്ളയാളാണ്. ഇതില്‍ നിന്ന് മോചിതയായി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സ്ഥാനാര്‍ഥിയായത്. പക്ഷെ വ്യാജ പ്രചാരണം നടത്തി തന്നെ ക്വാറന്റീന് സെന്ററിലാക്കുകയായിരുന്നുവെന്ന് സജിനി പറഞ്ഞു. എന്തെങ്കിലും സംഭവിച്ചെങ്കില്‍ സി.പി.എം നേതൃത്വമായിരിക്കും അതിന് ഉത്തരവാദിയെന്നും സജിനി ദേവരാജ് പ്രതികരിച്ചു. വര്‍ഷങ്ങളായി സി.പി.എം നേതൃത്വം വിജയിച്ച് വരുന്ന വാര്‍ഡാണ് 15-ാം വാര്‍ഡ്. ഇവിടെ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്ന് കണ്ടിട്ടാണ് തന്നെ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇത്തരം വ്യാജ പ്രചാരണവുമായി രംഗത്ത് വന്നതെന്നും സജിനി പ്രതികരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സി.പി.എം നേതൃത്വം നിഷേധിച്ചു