ലോക്ഡൗണ്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രം; ഡിസംബര്‍ ഒന്നുമുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി:കോവിഡ് 19 വ്യാപനം വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നുളള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.
എന്നാൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. ‘സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കർഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങളേർപ്പെടുത്താം.’ എന്നാൽ ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുത് എന്നും നിർദേശമുണ്ട്.
ഡിസംബർ ഒന്നുമുതലായിരിക്കും പുതിയ മാർഗ നിർദേശങ്ങൾ നിലവിൽ വരുന്നത്. ഡിസംബർ 31 വരെയായിരിക്കും പ്രാബല്യം. ഓണം, ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലും, ശൈത്യകാലം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലുമാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
കോവിഡ് 19 നെ പൂർണമായി മറികടക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. ജില്ലാ, പോലീസ്, മുനിസിപ്പൽ അധികൃതർ ഇത് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ തലത്തിൽ ജില്ലാ ഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ വേർതിരിക്കണം.
കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടിക വെബ്സൈറ്റുകളിൽ അതത് ജില്ലാ കളക്ടർമാരും, സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങൾ അറിയിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യപ്രവർത്തനങ്ങൾക്ക് മാത്രം അനുമതി.
ചികിത്സാ ആവശ്യത്തിനോ, അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനോ അല്ലാതെയുളള ആളുകൾ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം.
വീടുകൾ തോറും നീരീക്ഷണം
പ്രൊട്ടോക്കോൾ പ്രകാരമുളള പരിശോധന
സമ്പർക്ക പട്ടിക കൃത്യമായി വേഗത്തിൽ കണ്ടെത്തുക.
കോവിഡ് 19 രോഗികളെ വേഗത്തിൽ ഐസൊലേഷനിലാക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുക. – തുടങ്ങിയവയാണ് പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നത്.
അന്താരാഷ്ട്ര വിമാനയാത്രക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ, ശേഷിയുടെ അമ്പതുശതമാനം മാത്രം അനുവദിച്ചുകൊണ്ട് തിയേറ്ററുകൾ പ്രവർത്തിക്കുക, കായിക താരങ്ങൾക്ക് വേണ്ടിമാത്രം സ്വിമ്മിങ് പൂളുകൾ തുറക്കുക, ബിസിനസ് ആവശ്യത്തിന് മാത്രം എക്സിബിഷൻ ഹാളുകൾ തുറന്നുപ്രവർത്തിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ നിലനിൽക്കും. ഇതല്ലാതെയുളള കണ്ടെയ്ൻമെന്റ് സോണിന് പുറത്തെ മറ്റെല്ലാ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
സാമൂഹിക/മതപര/ കായിക/ വിനോദ/ വിദ്യാഭ്യാസ/ സാംസ്കാരിക ഒത്തുചേരലുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം പരിപാടി നടക്കുന്ന ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം ആയിത്തന്നെ തുടരും. അടച്ചിട്ട സ്ഥലങ്ങളിൽ 200 പേർക്കും, തുറന്ന സ്ഥലങ്ങളിൽ മൈതാനത്തിന്റെ വലിപ്പവും അനുസരിച്ചായിരിക്കും പ്രവേശനം. സ്ഥിതിഗതികൾ വിലയിരുത്തി സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് അടച്ചിട്ട സ്ഥലങ്ങളിൽ 200 പേർക്ക് എന്നുളളത് നൂറായി കുറയ്ക്കാനും അനുമതി നൽകിയിട്ടുണ്ട്.