കാസര്‍കോട്: ദേശീയതലത്തില്‍ വ്യാപിപ്പിക്കുന്ന സി.പി.എം-മുസ്ലിംലീഗ് അവിശുദ്ധസഖ്യത്തിന് മഞ്ചേശ്വരത്ത് തുടക്കമായെന്ന് ബി.ജെ.പി ദേശീയനിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് സി.പി.എം എല്‍.ഡി.എഫിനായി മത്സരിപ്പിക്കുന്നത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ്. ലീഗ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള രഹസ്യധാരണപ്രകാരമാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് ലീഗിനെ വിജയിപ്പിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്. ഡല്‍ഹിയില്‍ ലീഗ് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം സി.പി.എം അഖിലേന്ത്യാജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തതോടെ ഇത് നല്കുന്ന സന്ദേശം വ്യക്തമാണ്. ലീഗ് വര്ഗീയകക്ഷിയല്ലെന്നും കലാലയങ്ങളില്‍ എസ്.എഫ്.ഐയും ലീഗിന്റെ വിദ്യാര്‍ത്ഥിസംഘടനയായ എം.എസ്.എഫും യോജിച്ചുപ്രവര്ത്തിക്കണമെന്നുമുള്ള യെച്ചൂരിയുടെ ആഹ്വാനം ദേശീയതലത്തിലുള്ള അവിശുദ്ധസഖ്യത്തിന്റെ വിളംബരം തന്നെയാണ്. പാലാരിവട്ടം അഴിമതിക്കേസില്‍ ആരോപണവിധേയനായ മുന്‍പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാതിരിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടുത്താനും സി.പി.എം നടത്തുന്ന നീക്കങ്ങള്‍ ലീഗിനുവേണ്ടിയാണെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് കള്ളവോട്ടുകളിലൂടെയാണ്. ഇക്കുറി ബി.ജെ.പി ഇവിടെ അട്ടിമറി വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാപ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു