വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയെ കൊന്ന് കുഴിച്ചുമൂടി ,അരുംകൊലയിൽ മറ്റൊരു യുവതിയ്ക്കും പങ്ക്
ഗാന്ധിനഗർ: അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകനൊപ്പം പോയ ഗർഭിണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ബർഡോളിയാണ് സംഭവം.രശ്മി കട്ടാരിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.മൂന്നുവയസുള്ള മകനെ ഉപേക്ഷിച്ചാണ് രശ്മി വിവാഹിതനായ കാമുകനൊപ്പം പോയത്. കഴിഞ്ഞ നവംബർ 14നാണ് യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചുവർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന യുവാവുമായി മകൾ പ്രണയത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചിരുന്നു. ഇതോടെയാണ് യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്.രശ്മിയുടെ പിതാവിന്റെ ഫാമിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം ഫാമിൽ കുഴിച്ചിടുകയായിരുന്നു. യുവതി അഞ്ചുമാസം ഗർഭിണിയായിരുന്നു.ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഫാമിൽ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു. കൊലപാതകത്തിൽ യുവാവിന്റെ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.