പൊലീസ് നിയമഭേദഗതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: പൊലീസ് നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം. അതേസമയം, ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓർഡിനൻസിന്റെ പേരിൽ തുടർ നടപടികൾ ഉണ്ടാകില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രനുമാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. പൊലീസ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ പാർട്ടികളും സി പി എം കേന്ദ്ര നേതൃത്വവും ഉൾപ്പടെ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ സർക്കാർ പ്രതിരോധത്തിലാവുകയും തുടർന്ന് നിയമ ഭേദഗതി പിൻവലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പിലൂടെ അറിയിക്കുകയുമായിരുന്നു.