നിലപാട് കടുപ്പിച്ച് സമുദായ സംഘടനകള്‍ വോട്ട് വേണോ, ശ്മശാനം വേണം
നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു വേണമെങ്കില്‍ ആധുനിക രീതിയിലുള്ള ശ്മശാനം ആവശ്യപ്പെടുകയാണ് പള്ളിക്കര, പൂവാലംകൈ, വട്ടപ്പൊയില്‍, മൂന്നാംകുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ സമുദായ കൂട്ടായ്മയില്‍ അംഗങ്ങളായ വോട്ടര്‍മാര്‍. തിരഞ്ഞെടുപ്പില്‍ ഇവരുടെ 500 ഓളം വരുന്ന കുടുംബങ്ങളിലെ വോട്ടര്‍മാര്‍ നിര്‍ണ്ണായക ശക്തിയാണ്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി യോഗം, യാദവസഭ, വിശ്വകര്‍മ്മ എന്നീ നാലു സമുദായ സംഘടനകള്‍ യോജിച്ചാണ് ആധുനിക ശ്മശാനത്തിന് വേണ്ടി മാസങ്ങളായി ശബ്ദമുയര്‍ത്തുന്നത്. കാര്യങ്കോട് കുന്നിന്റെ മുകളിലാണ് ശ്മാശനമുള്ളത്. അവിടേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. അതിനാലാണ് നാട്ടില്‍ തന്നെ ശ്മശാനം കിട്ടുന്നതിനായി സമുദായ സംഘടനകള്‍ ഒന്നിച്ചത്. ശ്മശാനം സ്ഥാപിച്ചു കിട്ടുന്നതിന് മുന്നോടിയായി അയ്യപ്പന്‍കോട്ട കുന്നിന്റെ മുകളില്‍ 90 സെന്റ് സ്ഥലം വാങ്ങിച്ചു. സ്ഥലം അളന്നു തിട്ടപ്പെടുത്തിയ ശേഷം കൂട്ടായി എടുത്ത തീരുമാനം അനുസരിച്ചു നീലേശ്വരം നഗരസഭാ ഓഫീസില്‍ പോയി ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും നേരിട്ടുകണ്ടു പറയുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിവേദനത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ചതെന്നാണ് ആരോപണം.
ഈ വര്‍ഷം ഫെബ്രുവരി 21 ന് നല്കിയ നിവേദനം മാസങ്ങളോളം നഗരസഭാ ഓഫീസില്‍ പറന്നുനടക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഓഫീസില്‍ നിന്നും അപ്രത്യക്ഷമായ ശ്മാശാന നിവേദനം ഒടുവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് കണ്ടെത്തിയത്. ഭരണസമിതി പാസാക്കാതെ നിവേദനം ആ വിഭാഗത്തിലേക്ക് നടപടിക്കായി കൊടുത്ത കാര്യവും അജ്ഞാതമാണ്. നഗരസഭ തീരുമാനം എടുക്കാന്‍ മാസങ്ങളോളം നീട്ടികൊണ്ടുപോയതിനെ തുടര്‍ന്ന് ശ്മാശാനത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായി. അതിനിടെ ഭരണസമിതിയുടെ കാലാവധി കഴിയുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ശ്മശാനം തിരഞ്ഞെടുപ്പില്‍ ഒരു വിഷയമാക്കാന്‍ സമുദായ സംഘടനകളും ആലോചിച്ചത്.
കെ.ടി സുകുമാരന്‍ നമ്ബ്യാര്‍ (എന്‍.എസ്.എസ്), കെ. സുകുമാരന്‍ (എസ്.എന്‍.ഡി.പി യോഗം), പി. കുഞ്ഞികൃഷ്ണന് (യാദവസഭ), ഗോപാലന് (വിശ്വകര്‍മ്മ) എന്നിവര്‍ നേതൃത്വം നല്കുന്ന കമ്മിറ്റിയാണ് ഇതിന് വേണ്ടി മുന്നിട്ടിറങ്ങുന്നത്.
ആധുനിക ശ്മശാനം എല്ലാവരുടെയും ആവശ്യമാണ്. അതിനെതിരെ രാഷ്ട്രീയക്കാരും ഭരിക്കുന്നവരും പുറംതിരിഞ്ഞു നില്‍ക്കരുത്. സ്വന്തമായി സ്ഥലം കണ്ടെത്തിയതിന് ശേഷമാണ് ഞങ്ങള്‍ അപേക്ഷ നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ഞങ്ങളെ സംബന്ധിച്ച് ഇതൊരു വിഷയം തന്നെയാണ്.
കെ.ടി സുകുമാരന്‍ നമ്ബ്യാര്‍ (എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് )
കാര്യങ്കോട് ശ്മാശാനത്തിലേക്ക് പോകാന്‍ കിലോമീറ്ററുകള്‍ ദൂരമുണ്ട്. അധികൃതര്‍ മനസുവച്ചിരുന്നെങ്കില്‍ അയ്യപ്പന്‍കോട്ടയില്‍ ആധുനിക ശ്മശാനം പണിയാന്‍ തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ സാധിക്കുമായിരുന്നു. വോട്ടിന് വരുന്നവര്‍ ഇക്കാര്യം പരിഗണിക്കണം.
കെ. സുകുമാരന്‍ (എസ്.എന്‍.ഡി.പി യോഗം പൂവാലംകൈ ശാഖ പ്രസിഡന്റ്)