കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കി. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് ടെണ്ടറില്‍ അടക്കം വലിയ തോതില്‍ കൃത്രിമം നടന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. ടെണ്ടര്‍ ക്ഷണിച്ച വേളയില്‍ കരാര്‍ കമ്ബനിയായ ആര്‍ഡിഎസ് 47 കോടി രൂപക്ക് പദ്ധതി ഏറ്റെടുക്കാമെന്നായിരുന്നു അറിയിച്ചത്.
എന്നാല്‍ 42 കോടി രൂപയ്ക്ക് ടെണ്ടര്‍ സമര്‍പ്പിച്ച ചെറിയാന് വര്‍ക്കി കമ്ബിനിക്ക് ടെണ്ടര്‍ നല്‍കിയില്ല. ചെറിയാന് വര്‍ക്കി കമ്ബിനിക്ക് നല്‍കാതെ 47 കോടി രൂപ പറഞ്ഞ ആര്‍ഡിഎസിന് ടെണ്ടര്‍ നല്‍കുകയായിരുന്നു.
പിന്നീടും രേഖകളില്‍ കൃത്രിമം നടന്നതായി വിജിലന്‍സ് പറയുന്നു. 47 കോടിയില്‍ നിന്ന് 42 കോടിയിലേക്ക് ആര്‍ഡിഎസിന്റെ രേഖകള്‍ തിരുത്തുകയും അങ്ങനെ ആര്‍ഡിഎസിന് കരാര്‍ നല്‍കുകയുമായിരുന്നു.
പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
പാലത്തിന്റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്ബനിക്ക് മുന്‍കൂര്‍ തുക നല്കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തിലുണ്ട്.