ബേക്കല്‍: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ കാസര്‍കോട് പോലീസ് പത്തനാപുരത്ത് എത്തി പിടികൂടി. കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയാണ് കാസര്‍കോട് ടൗണ്‍ പോലീസ് ഐ പി രാജേഷ് സംഘവും പിടികൂടിയത്. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ അനില്‍കുമാര്‍ മുമ്പാകെ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ബേക്കല്‍ സി.ഐ. ഓഫീസില്‍ ഹാജരാകുന്നതിന് പകരം ഹൊസ്ദുര്‍ഗ് സി.ഐ. ഓഫീസിലാണ് പ്രദീപ് എത്തിയത്. പ്രദീപിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ബേക്കല്‍ സി.ഐ. ചോദ്യംചെയ്തിരുന്നു.
കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രദീപിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി എംഎല്‍എയുടെ സെക്രട്ടറി കോടതിയെ സമീപിച്ചത് . ജാമ്യ ഹര്‍ജി തള്ളിയതോടെ പ്രദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തേണ്ട ആവശ്യകതയിലേക്ക് പോലീസ് എത്തിയതും പത്തനാപുരത്ത് ചെന്ന് അറസ്റ്റ് ചെയ്തതും. കാസര്‍കോട് ഐ പി രാജേഷിനോടൊപ്പം പോലീസുകാരായ ഷുക്കൂര്‍ നിയാസ് എ എസ് ഐ മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.