സ്വര്‍ണക്കടത്ത് കേസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. കേസില്‍ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചുവെന്ന് കസ്റ്റംസ് എറണാകുളം സെഷന്‍സ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിന് കോടതി അനുമതി നല്‍കിയത്. കുറ്റം ചുമത്തപ്പെട്ടായാള് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അറസ്റ്റിന് കസ്റ്റംസ് അനുമതി തേടിയിരുന്നത്.നിലവില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് ഇന്ന് മാറ്റിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും ഇതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.അതേ സമയം സ്വപ്നയുടെയും സരിതിന്റെയും കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അറ്റാഷെയും കോണ്‍സുല്‍ ജനറലും നിയമവിരുദ്ധമായി ഡോളര്‍ സംഘടിപ്പിക്കുകയും കടത്തുകയും ചെയ്തെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസില്‍ സ്വപ്നയെയും സരിതിനെയും ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. മുന്‍പ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത സമയത്ത് ശിവശങ്കറിനെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.