ചന്ദ്രഗിരിപ്പുഴയും കടന്ന് ഗെയ്ല് പൈപ്പ് ലൈനിലൂടെ പ്രകൃതി വാതകം മംഗളൂരുവിലെത്തി
തിരുവനന്തപുരം:കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ ഏടായി മാറുന്ന ഗെയ്ല് പൈപ്പ് ലൈന്‍ കമ്മീഷന് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. . കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈന് ആണ് കമ്മീഷന് ചെയ്തത്. കൊച്ചിയില്‍ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി.
മംഗലാപുരത്ത് മാംഗ്ലൂര്‍ കെമിക്കല്‍സ് & ഫെര്ട്ടിലൈസേഴ്സി (എം സി എഫ് ) ന് ഇന്ന് മുതല്‍ പ്രകൃതി വാതകം നല്കി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. എം ആർ പി എൽ, ഒ എം പി ഐ എന്നീ കമ്പനികള്‍ക്ക് പ്രകൃതി വാതകം നല്‍കുന്നതിനുള്ള പണികള്‍ അന്തിമ ഘട്ടത്തിലാണ്.
കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (സി ജി ഡി ) പൈപ് ലൈന്‍ വിന്യാസം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകും.