അന്ധവിശ്വാസം മൂലം അമാവാസി ദിവസം ഒരു മരത്തില്‍ മൂന്ന് യുവാക്കള്‍ തൂങ്ങിമരിച്ചു ; ദുരൂഹത നീക്കിയത് അവസാന നിമിഷം ഭയന്ന് പിന്മാറിയ നാലാമനില്‍ നിന്ന്
മുംബൈ:മഹാരാഷ്ട്രയിലെ ഷഹാപൂരില്‍ ഈ മാസം നവംബര്‍ പതിനാലിന് മൂന്ന് യുവാക്കളെ കാട്ടിലെ മരത്തില്‍ തൂങ്ങി മരിച്ച സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബെരെ (35) മഹേന്ദ്ര ദുബെലെ (30), മുകേഷ് ധവത് (22) എന്നീ യുവാക്കളാണ് മൂന്ന് സാരികളുപയോഗിച്ച് ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പൊലീസ് ഇപ്പോള്‍ പുറത്ത് വിടുന്ന വിവര പ്രകാരം ഈ മരണങ്ങള് ആത്മഹത്യയായിരുന്നുവെന്നും, അമിതമായ അന്ധവിശ്വാസമാണ് യുവാക്കളെ ഇതിന് പ്രേരിപ്പിച്ചതെന്നുമാണ്.അമാവാസി ദിവസം ആത്മഹത്യ ചെയ്താല്‍ മോക്ഷം ലഭിക്കുമെന്ന വിശ്വാസപ്രകാരമാണ് നാല് യുവാക്കള്‍ വനത്തില്‍ പ്രവേശിച്ചത്. ആത്മഹത്യ ചെയ്യുവാനായി തിരഞ്ഞെടുത്ത മരത്തിന് ചുവട്ടിലിരുന്ന് നാലുപേരും മദ്യപിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ ഇതിനിടയില്‍ ആത്മഹത്യയില്‍ നിന്നും പിന്തിരിയുകയായിരുന്നു. ഇയാളാണ് പൊലീസിനോട് അന്നേ ദിവസം നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്. താനെ ജില്ലയിലെ ഷഹാപൂര്‍ തഹ്സിലിലെ വനമേഖലയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഖാര്‍ഡി ഗ്രാമത്തിലെ യുവാക്കളാണ് ആത്മഹത്യ ചെയ്തത്.