ചീട്ടുകളിയിലെ കടം തീര്‍ക്കാന്‍ 12 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍
കൊച്ചി: പനമ്പിള്ളി നഗറിലെ ഇന്‍കം ടാക്സ് ക്വാട്ടേഴ്സില്നിന്നു കഴിഞ്ഞ 29ന് 12 ലക്ഷം രൂപയുടെ 30 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ കേസില്‍ പ്രതി പിടിയില്‍. മൂവാറ്റുപുഴ നെല്ലാട് മുട്ടംതോട്ടില്‍ വീട്ടില്‍ ജോവി ജോര്‍ജാ(37)ണു സൗത്ത് പോലീസിന്റെ പിടിയിലായത്. 73-ാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന് വിജോ ജോര്‍ജിന്റെ സഹോദരനായ ഇയാളെ സി.സി.ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. വിജോയുടെ ഭാര്യയുടെ ചേച്ചിയുടെ സ്വര്‍ണമാണ് മോഷണംപോയത്. വിജോയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.
ചീട്ടുകളിയിലുണ്ടായ കടം തീര്‍ക്കാനാണ് പ്രതി മോഷണം നടത്തിയത്. ഇയാളില്‍നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെടുത്തു. പണയംവച്ച 15.5 പവന് സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുത്തു.
ഒരാള്‍ ഹെല്‍മെറ്റ് വച്ചു ക്വാര്ട്ടേഴ്സിനകത്തുനിന്നു പോകുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മോഷ്ടിച്ചയാളുടെ ഷര്‍ട്ടിന്റെ നിറവും ഹെല്‍മെറ്റിന്റെ അടയാളവും വച്ച് അന്വേഷണം നടത്തി. സി.സി.ടിവി പരിശോധിച്ചതില്‍നിന്നു മോഷണദിവസം ക്വാര്‍ട്ടേഴ്സിനു സമീപം വന്ന സ്കൂട്ടറിനെപ്പറ്റി വിവരം ലഭിച്ചു. വീട്ടുടമസ്ഥന്റെ അനുജന് മൂന്നു മാസം മുമ്പ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നു. അന്നു വിജോ തന്റെ സ്കൂട്ടര്‍ അനുജനു നല്‍കിയിരുന്നു. ഇതിനൊപ്പം വീടിന്റെ സ്പെയര്‍ താക്കോലും നല്കി. ഈ താക്കോല്‍ ഉപയോഗിച്ചാണ് പ്രതി വീടു തുറന്നു മോഷണം നടത്തിയതെന്നു പോലീസ് കണ്ടെത്തി. പരാതിക്കാരിയും കുടുംബവും മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിനു പോയപ്പോഴായിരുന്നു മോഷണം. പ്രതി മൂവാറ്റുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ കുറച്ചു സ്വര്‍ണം പണയംവച്ചു.
കുറെ സ്വര്‍ണം പെരുമ്പാവൂരിലെ സ്ഥാപനത്തില്‍ വിറ്റു. തുടര്‍ന്നു ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് സൗത്ത് എസ്.ഐ. വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.