ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം: സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് ഹൈക്കോടതിയിലേക്ക്
കോട്ടയം: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ പി ജെ ജോസഫ് അപ്പീല്‍ നല്‍കും. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിനെ ചോദ്യം ചെയ്ത് പിജെ ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി നവംബര്‍ 20 ന് തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് അപ്പീലുമായി ജോസഫ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വസ്തുതകളും രേഖകളും പരിശോധിച്ചാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത്. അതിനാല്‍ ഈ വിഷയം വീണ്ടും കോടതി പരിശോധിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി അന്ന് തള്ളിയത്.
ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജോസഫിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ചിഹ്നമായി ടേബിള്‍ ഫാനും ചെണ്ടയും ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എന്നാല്‍ ഹൈക്കോടതി വിധി അനുകൂലമായതോടെ ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടില ചിഹ്നമായി ഉപയോഗിക്കാം.