കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;യോഗാചാര്യനെതിരെ പോക്സോ കേസ്
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യോഗാചാര്യന് എതിരെ പോലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരെയാണ് പരാതി. പരിയാരം സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ യോഗാചാര്യന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി എന്നാണ് കേസ്.
2017, 2018, 2019 വര്‍ഷങ്ങളില്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. എന്നാല്‍ പീഡന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോള്‍ 19 വയസ്സുള്ള പെണ്‍കുട്ടി മനോവിഷമം മൂലം മിണ്ടാതായതോടെ കൗണ്‍സിലിംഗ് നടത്തിയിരുന്നു. ഇതിനിടയിലാണ് പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്.പഴയങ്ങാടിയിലും പരിയാരത്തും യോഗപരിശീലിപ്പിക്കുന്നതിനായി രാജേന്ദ്രപ്രസാദ് എത്തിയിരുന്നു. യോഗ പരിശീലനത്തിനിടെ കുട്ടികളുടെ മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ അവരുടെ വീടുകളില്‍ അതിഥിയായി താമസിച്ചിരുന്നു. അതിനിടയിലാണ് പരിയാരത്തിനുള്ള കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.പരിയാരം പോലിസ് ഇന്‍സ്പെക്ടര്‍ കെ.വി ബാബുവിനാണ് കേസന്വേഷണ ചുമതല. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.