കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് ബിജെപിയുടെ വാട്ടര്‍ലൂ ആകുമെന്ന് മുസ്ലിംലീഗ് നേതാവും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അവര്‍ക്ക് കേരളം മരീചികയാകുമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതിന് യുഡിഎഫ് ഒറ്റക്കെട്ടായി ഒരുങ്ങിക്കഴിഞ്ഞു. ഒരുവിധ പ്രശ്നവും യുഡിഎഫില്‍ ഇല്ല. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപിയാണ് പ്രധാന എതിരാളി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തുവന്നത് ബിജെപിയാണ്. എല്‍ഡിഎഫ് ഒരു ഘടകമേയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പെരിയ വിഷയത്തിലും വികസന പ്രശ്നങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായാണ് യുഡിഎഫ് നിലകൊള്ളുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളൊന്നും ഇടതുപക്ഷ സര്‍ക്കാരിന് മുന്നോട്ടുകൊണ്ടുപോകാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.