സി എ ജിയുമായി ഏറ്റുമുട്ടാനുറച്ച് കേരളം സർക്കാർ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി
ന്യൂഡൽഹി: കിഫ്ബി വിവാദം നിയമപരമായി നേരിടാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ് നരിമാന്റെ നിയമോപദേശം സംസ്ഥാന സർക്കാർ തേടി. ഹൈക്കോടതിയുടെ പരിഗണനയിലുളള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്. കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതിയില്ലെന്ന സി എ ജി വാദവും നിയമപരമായി നേരിടാനാണ് സർക്കാർ നീക്കം നടത്തുന്നത്.കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹർജിയിലാണ് നിയമോപദേശം തേടിയത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം ആരാഞ്ഞത്. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറിയെന്നാണ് വിവരം.ഫാലി എസ്. നരിമാൻ സാധാരണയായി ഡൽഹിക്ക് പുറത്ത് ഹൈക്കോടതികളിൽ ഹാജരാകാറില്ല. എന്നാൽ, കിഫ്ബിക്ക് എതിരായ കേസിൽ വീഡിയോ കോൺഫറൻസിലൂടെ ഫാലി എസ് നരിമാനെ സർക്കാരിന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരാക്കാൻ കഴിയുന്നതിന്റെ സാദ്ധ്യതയും സംസ്ഥാന സർക്കാർ തേടുന്നുണ്ട്.ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് നിയമോപദേശം തേടിയതെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. വിദേശ വായ്പകൾ എടുക്കാൻ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 293 (1) വകുപ്പ്.