പാർട്ടിയുടെ തലപ്പത്ത് നിന്ന് സോണിയ ഗാന്ധി മാറണം; കോടിക്കണക്കിന് സാധാരണ പ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവയ്ക്കുന്നതെന്ന് കപിൽ സിബൽ
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണെന്നാണ് കപിൽ സിബലിന്റെ പ്രതികരണം. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ ആരോപിച്ചു.താൻ ആരേയും വെല്ലുവിളിക്കുകയല്ല. രാജ്യത്ത് ബി ജെ പിക്ക് എതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോൺഗ്രസ്. മാറ്റമില്ലാതെ പാർട്ടിയ്ക്ക് മുന്നോട്ട് പോകാനാവില്ല. 2014ലും 2019ലും പാർട്ടിക്ക് അധികാരം നഷ്ടമായി. സംഘടന തിരഞ്ഞെടുപ്പ് നടക്കാതെ പാർട്ടിയിൽ മാറ്റമുണ്ടാകില്ല. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കോൺഗ്രസിന്റെ ആശയം എന്താണെന്ന് പറയണമെന്നും കപിൽ സിബൽ പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ വീടിന്റെ പുറത്തേക്ക് ഇറങ്ങുന്നില്ല. നിങ്ങളുടെ പാർട്ടിക്ക് എന്തു പറ്റിയെന്നാണ് മറ്റുളളവർ അവരോട് ചോദിക്കുന്നത്. അവരുടെ വിഷമങ്ങൾക്ക് ആര് മറുപടി പറയുമെന്നും കപിൽ സിബൽ തുറന്നടിച്ചു.ബിഹാർ തിരഞ്ഞെടുപ്പിന് പിന്നാലെ കപിൽ സിബലും കോൺഗ്രസ് നേതൃത്വവും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. കനത്ത തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധന നടത്താൻ നേതൃത്വം തയ്യാറാകുന്നില്ലെന്നായിരുന്നു കപിൽ സിബലിന്റെ വിമർശനം. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല. ശക്തി കേന്ദ്രങ്ങളായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. കോൺഗ്രസിനെ ഒരു ബദലായി ജനം കാണുന്നതേയില്ലെന്നായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.