രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം; അനുമതി നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം : ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നല്കി. മൂന്നു പേര്‍ക്കും പണം കൈമാറിയിട്ടുണ്ടെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍നിന്നു 10 കോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിന് അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറുകയായിരുന്നു.
പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാല്‍ അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെങ്കിലും ഗവര്‍ണര്‍ ഫയലില്‍ തീരുമാനം അറിയിച്ചിട്ടില്ല. ഗവര്‍ണറുടെ അനുമതി കൂടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.