ബാർ കോഴയിൽ കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ല; തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വിന്‍സന്‍ എം പോള്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന തന്റെ നിലപാടില്‍ നിന്ന് ഒരുപടി മുന്നോട്ടുപോകാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിയുന്ന മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോള്‍. എന്നാല്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി കെ എം മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.കെ എം മാണിക്കെതിരെ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ല. ഇത് പക്ഷേ രാഷ്ട്രീയ വിവാദമായി മാറി. ഫയല്‍ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാന്‍ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്തി കഴിഞ്ഞപ്പോഴാണ് കെ എം മാണിക്കെതിരെ സാക്ഷിമൊഴിയോ രേഖാമൂലമുളള തെളിവുകളോ ഇല്ലെന്ന രീതിയിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബാര്‍ കോഴക്കേസില്‍ കേസെടുക്കാനുളള തെളിവില്ലെന്ന് ഫയലില്‍ കുറിച്ചതാണ് തന്നെ വിവരാവകാശ കമ്മിഷണറാക്കുമ്പോഴുളള വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പിന് കാരണം. അഞ്ചു വര്‍ഷം പിന്നിട്ട് പടിയിറങ്ങുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്റെ നിലപാടില്‍ നിന്ന് ഒരു പടി കടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും വിന്‍സന്‍ എം പോള്‍ ചൂണ്ടിക്കാട്ടി.പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് എസ് കത്തിയാണെന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ അത്ര വലിയ വിവാദമാക്കിയത്. ഇപ്പോഴും പൂര്‍ണമായി ലഭ്യമാകാത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ പൗരന്റെ അവകാശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി ജി പി ലോക്നാഥ് ബെഹ്റ, നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി തുടങ്ങിയവരാണ് പുതിയ വിവരാവകാശ കമ്മിഷണര്‍ പരിഗണനാ പട്ടികയിലുളളവര്‍. ബാര്‍ കോഴക്കേസിലെ വിവാദം കത്തി നില്‍ക്കെ അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്റെ വിയോജന കുറിപ്പോടെയാണ് അഞ്ച് വര്‍ഷം മുമ്പ് വിന്‍സണ്‍ എം പോള്‍ വിവരാവകാശ കമ്മിഷണര്‍ ആകുന്നത്.