പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 22കാരന് വധശിക്ഷ
ഭോപാല്‍: മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ തള്ളിയ കേസില്‍ ഇരുപത്തിരണ്ടുകാരന് വധശിക്ഷ. മധ്യപ്രദേശിലെ അമര്‍വാഡയിലെ പ്രത്യേക പോക്സോ കോടതിയാണ് കോവിഡ് മഹാമാരിക്കിടയിലും തുടര്‍ച്ചയായി 116 ദിവസം വിചാരണ നടത്തി വധശിക്ഷ വിധിച്ചത്.
മൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയ റിതേഷ് ധുര്‍വ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ചാക്കില്‍ കെട്ടി ഡാമിലേക്കെറിയാന്‍ സഹായിച്ച സുഹൃത്തിന് ഏഴു വര്‍ഷത്തെ കഠിന തടവും വിധിച്ചു.
2020 ജൂലൈ 17ന് ഭോപ്പാലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലം ചിന്ദ്വാര ജില്ലയിലെ അമര്‍വാഡയിലാണ് സംഭവം. മുന്നു വയസ്സുള്ള പെണ്‍കുട്ടിയെ പത്ത് രൂപ കാട്ടിയാണ് റിതേഷ് തന്റെ മുറിയിലേക്ക് കൊണ്ടുപോയത്. ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ മൃതദേഹം മറവു ചെയ്യാനുള്ള ശ്രമമായി. ഇതിന് ധന്‍പാലെന്ന സുഹൃത്തിന്റെ സഹായം തേടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മഞ്ചഗോര അണക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
17ന് വൈകിട്ടോടെയാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. മൂന്നു ദിവസത്തിനു ശേഷം ജൂലൈ 20ന് കുട്ടിയുടെ ശരീരം ഡാമില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് എസ്പി അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുമ്പ് നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 300 ഓളം പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് സമീപ പ്രദേശത്ത് താമസിച്ച റിതേഷിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ റിതേഷ് കുറ്റം സമ്മതിച്ചു.
പത്തു രൂപ കാട്ടി കുട്ടിയെ മുറിയിലെത്തിച്ച ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘അവര്‍ അവളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിഞ്ഞു എല്ലാം ഒരു മണിക്കൂറിനുള്ളില്‍ നടന്നു. ആരോ മന്ത്രവാദിത്തിനായി കുട്ടിയെ ഉപയോഗപ്പെടുത്തി എന്ന് പറഞ്ഞ് അന്വേഷണത്തില്‍ നിന്ന് വഴിതിരിച്ചുവിടാനും ശ്രമിച്ചു’ പൊലീസ് പറഞ്ഞു.