ജോസഫിന്റെ ഹര്‍ജി തള്ളി രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്
തിരുവനന്തപുരം:രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്. രണ്ടില ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ചുള്ള പി.ജെ. ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കേരള കോണ്‍ഗ്രസിന്റെ ഇരു വിഭാഗത്തിനും രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നിലപാട്. പിജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നവുമാണ് അനുവദിച്ചിരുന്നത്. മാറിയ സാഹചര്യത്തില്‍ ജോസ് വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലും ജനവിധി തേടും.