അവസാന നിമിഷം സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് ഔട്ട്; ഹൈദരാബാദിൽ ബി ജെ പി പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു
ഹൈദരാബാദ്:ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ഒരാൾ കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നച്ചറാം സ്വദേശിനിയായ അനുമുല വിജയലത റെഡ്ഡിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച വിജയലത ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നച്ചറാം ഡിവിഷനിൽ നിന്ന് മത്സരിക്കാൻ വിജയലത ആഗ്രഹിച്ചിരുന്നു.പാർട്ടി ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും, മത്സരാർത്ഥികളുടെ പേര് ഷോർട്ട്ലിസ്റ്റ് ചെയ്തപ്പോൾ അവരുടെ പേരുണ്ടായില്ല. ഇതിൽ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കഴിഞ്ഞ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ വിജയലത ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്നു. ബുധനാഴ്ച മുഷിരാബാദിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ഒരാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.