വളർത്തുനായയുടെ മരണം താങ്ങാനായില്ല; വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
റായ്ഗർഗ്: നമുക്ക് ഓരോരുത്തർക്കും അവരവരുടെ വളർത്തുമൃഗങ്ങളെ വളരെയധികം ഇഷ്ടമുണ്ടാകും. അവ വേർപിരിയുമ്പോൾ ചിലർക്ക് സഹിക്കാൻ കഴിയില്ല. ഛത്തീസ്ഗഡിലെ റായ്ഗർഗ് ജില്ലയിലാണ് അത്തരമൊരു സംഭവമുണ്ടായി. വളർത്തുനായയുടെ മരണത്തെ തുടർന്ന് ദു:ഖം സഹിക്കാനാകാതെ യുവതി തൂങ്ങിമരിച്ചു.ബിരുദാനന്തര വിദ്യാർത്ഥിനിയായ 21 വയസുകാരി പ്രിയാംശു സിംഗാണ് തന്റെ നാല് വയസുളള നായ മരിച്ചതിനെ തുടർന്ന് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. നായയുടെ മരണത്തിൽ പ്രിയാംശു വളരെ ദുഖിതയായിരുന്നുവെന്ന് കോത്ര റോഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ചമൻ സിൻഹ അറിയിച്ചു. ചൊവ്വാഴ്ചയാണ് നായ മരിച്ചത്. പിറ്റേന്ന് പ്രിയാംശു ആത്മഹത്യ ചെയ്തു.തന്നെയും നായയ്ക്കൊപ്പം സംസ്കരിക്കണമെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി പൊലീസ് പറഞ്ഞു.