ബംഗലുരു:കോണ്‍ഗ്രസിന്റെയും ജനതാദള്‍ സെക്യുലറിന്റെയും അയോഗ്യരാക്കപ്പെട്ട എംഎല്‍എ മാരെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് തിരിച്ചു കൊണ്ടു വരുമെന്ന് കര്‍ണാടകാ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കുമാരസ്വാമി സര്‍ക്കാരിനെതിരേ കൊണ്ടു വന്ന അവിശ്വാസത്തില്‍ ഇവര്‍ മാറി നിന്നതിനെ തുടര്‍ന്നായിരുന്നു സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ഇവരുടെ പാര്‍ട്ടികള്‍ സീറ്റ് നല്കാതിരുന്നാല് ബിജെപി ടിക്കറ്റില്‍ അവര്‍ മത്സരിപ്പിക്കുമെന്നാണ് വാഗ്ദാനം.
അവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അമിത് ഷാ പ്രതികരിച്ചെന്ന് യദ്യൂരപ്പ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ നടന്ന നാടകത്തില്‍ ഇവര്‍ നടത്തിയ ഉള്‍പ്പാര്‍ട്ടി പോരായിരുന്നു കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യമുന്നണി സര്‍ക്കാര്‍ വീഴാനും ബിജെപി അധികാരത്തില്‍ തിരിച്ചെത്താനും കാരണമായത്. എന്നാല്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇവരെ മത്സരിപ്പിക്കാനുള്ള നീക്കം ബിജെപിയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഈ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ഇവരോട് തോറ്റ ബിജെപി അംഗങ്ങളെ ഇക്കാര്യത്തില്‍ രമ്യതപ്പെടുത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും സൃഷ്ടിക്കുമെന്നും യദ്യുരപ്പ പറഞ്ഞു. 15 സീറ്റുകളിലേക്കുള്ള മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജി വെച്ചവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ബിജെപിയില്‍ നിന്നും മത്സരിക്കാം. ഇവര്‍ക്കെല്ലാം സീറ്റ് കൊടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അമിത്ഷാ പറഞ്ഞിട്ടുണ്ടെന്നും യെദ്യുരപ്പ പറഞ്ഞു.
അതേസമയം പ്രതിപക്ഷം തന്നെ അവര്‍ക്ക് സീറ്റ് നല്കിയാലോ എന്ന ചോദ്യത്തിന് അതില്‍ ആശയക്കുഴപ്പത്തിന്റെ കാര്യം ഇല്ലെന്നും നമ്മുടെ പാര്‍ട്ടിയില്‍ നിന്നും മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്കാകും മുന്‍ഗണന നല്‍കുകയെന്നും അവരുടെ ഉത്തരവാദിത്വം ബിജെപി പ്രവര്‍ത്തകരുടേയും നേതാക്കളുടെയും ഉത്തരവാദിത്വമായിരിക്കുമെന്നും പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എംഎല്‍എ മാര്‍ക്ക് വീണ്ടും ടിക്കറ്റ് നല്‍കുന്നതിനോട് ബിജെപിയ്ക്ക് എതിര്‍പ്പാണെന്ന പ്രതിപക്ഷത്തിന്റെ പ്രചരണത്തിലാണ് യെദ്യുരപ്പ മറുപടിയുമായി രംഗത്ത് വന്നത്.
അതേസമയം 2018 ല്‍ ഇവരോട് തോറ്റ ബിജെപി പ്രവര്‍ത്തകര്‍ക്ക് തീരുമാനത്തില്‍ കടുത്ത അതൃപ്തിയാണ് ഉള്ളത്. സംസ്ഥാനത്ത് ബിജെപിയെ പടുത്തുയര്‍ത്താന്‍ കഠിനാദ്ധ്വാനം ചെയ്ത പ്രവര്‍ത്തകര്‍ക്കാണ് ബിജെപി ടിക്ക്റ്റ് നല്‍കേണ്ടതെന്ന് വ്യക്തമാക്കി ഹോസാകോട്ടെ, ഹിരേകേരൂര്‍, കാഗ്വാഡ്, മഹാലക്ഷ്മി എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ രംഗത്ത് വന്നിട്ടുണ്ട്.
അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ അവരുടെ വഴി തേടട്ടെ എന്നായിരുന്നു സീനിയര്‍ ബിജെപി എംഎല്‍എ ഉമേഷ് കാട്ടിയും പറഞ്ഞത്. അതേസമയം മുന്ന് നാലു ദിവസം നീണ്ടു നിന്ന മന്ത്രിസഭായോഗത്തില്‍ 10-12 ബിജെപി നേതാക്കന്മാര്ക്ക് വേണ്ടി പുതിയ ബോര്‍ഡുകളും കോര്പ്പറേഷനുകളം സൃഷ്ടിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇവിടേയ്ക്ക് 2018 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി നേതാക്കന്മാര്ക്ക് അവസരം നല്‍കുമെന്നുമാണ് യെദയൂരപ്പ് പറഞ്ഞിരിക്കുന്നത്