അലോപ്പതിക്കാരുടെ എതിർപ്പ് മറികടന്ന് കോവിഡ് ചികിത്സ ഇനി ആയുർവേദത്തിലൂടെയും,
ഉത്തരവിട്ട് സംസ്ഥാന സർക്കാർ
കാസർകോട് : കോവിഡ് രോഗികൾക്ക് ഇനിമുതൽ ആയുർവേദത്തിലും ചികിത്സ തേടാം. കോവിഡ് ബാധിച്ചവർക്ക് ആയുർവേദ ചികിത്സ നടത്താനുള്ള അനുമതി നല്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്നാണ് സർക്കാർ നിർദേശത്തിൽ പറയുന്നത്.
ചികിത്സയ്ക്ക് രോഗികളുടെ സമ്മതം ആവശ്യമാണ്. ആയുർവേദ ചികിത്സയ്ക്ക് താത്പര്യമുള്ളവർക്ക് അതാവാമെന്ന് കേന്ദ്രസർക്കാർ മുൻപേ നിർദേശിച്ചിരുന്നതാണെങ്കിലും അലോപ്പതി ഡോക്ടർമാരുടെ എതിർപ്പിനെ തുടർന്ന് കേരളം ഈ നിർദേശം നടപ്പാക്കിയിരുന്നില്ല.
കോവിഡ് പോസിറ്റീവായി വീടുകളിലോ മറ്റ് ചികിത്സാ സെന്ററുകളിലോ കഴിയുന്നവർക്ക് മരുന്ന് നല്കാം. രോഗിയുടെ സമ്മതത്തോടെ സർക്കാർ ആയുർവോദ സ്ഥാപനത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ചികിത്സ നടത്തേണ്ടത്. ഇതിനായി പ്രത്യേക നോഡൽ ഓഫീസറും ഉണ്ടായിരിക്കണം. കേന്ദ്ര ആയുഷ് വകുപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ കോവിഡ് റെസ്പോൺസ് സെൽ സമർപ്പിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആയുർവേദ ചികിത്സ നടത്താൻ സർക്കാർ അനുമതി നല്കിയത്.
കോവിഡ് സുഖപ്പെട്ടശേഷം നിരവധി പേർ പലതരത്തിലുള്ള ശാരീരികമായുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത്തരക്കാർക്ക് ആയുർവേദം ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുപോെല കോവിഡിനെ പ്രതിരോധിക്കാൻ ശരീര പ്രതിരോധശേഷി കൂട്ടാനും ആയുർവേദംകൊണ്ട് കഴിയുമെന്ന് അഭിപ്രായമുണ്ട്.