സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്.ടി.സി ഓടിത്തുടങ്ങി, പത്തനംതിട്ട, കൊട്ടാരക്കര ഉടൻ
കാസര്‍കോട്: മംഗളൂരു സര്‍വീസ് ആരംഭിച്ചതിന് പിറകെ കാസര്‍കോട്ടുനിന്ന് സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടിത്തുടങ്ങി. ഇന്ന് മുതലാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് രണ്ട് റൂട്ടുകളിലേക്കും സര്‍വീസ് പുനരാരംഭിച്ചത്. സുള്ള്യയിലേക്ക് രാവിലെ ആറിനും പുത്തൂരിലേക്ക് 6.30നുമാണ് സര്‍വീസ്. ഒരു മണിക്കൂര്‍ ഇടവിട്ട് ഈ റൂട്ടുകളില്‍ ബസ് സര്‍വീസുണ്ട്. കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്കും തിരിച്ചും കഴിഞ്ഞ ദിവസം മുതല്‍ ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് ഇരുപത് കേരള ട്രാന്‍സ്പോര്‍ട്ട് ബസുകളും മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് 20 കര്ണാടകബസുകളും ഏഴ് മിനുട്ട് ഇടവിട്ട് സര്‍വീസ് നടത്തുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 2020 മാര്‍ച്ചിലാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. ലോക്ഡൗണ്‍ പിന്നീട് പിന്‍വലിച്ചെങ്കിലും കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കാത്തത് മൂലം മംഗലാപുരത്തും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കടുത്ത യാത്രാദുരിതമാണ് നേരിട്ടിരുന്നത്. ഇത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചതോടെയാണ് ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചത്. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര റൂട്ടുകളിലേക്കും കൂടുതല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പാലാ സൂപ്പര്‍ ഡീലക്സ് കഴിഞ്ഞ ദിവസം മുതല്‍ ഓടിത്തുടങ്ങി. ഇന്ന് വൈകിട്ട് മുതല്‍ ആലപ്പുഴ സൂപ്പര്‍ ഡീലക്സ് ആരംഭിക്കും. 21ന് രാത്രി തിരുവനന്തപുരം സ്കാനിയ, പാലക്കാട് സൂപ്പര്‍ ഡീലക്സ് സര്‍വീസുകള്‍ ആരംഭിക്കും. മറ്റ് ജില്ലകളില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ രണ്ടാഴ്ച മുമ്പ് പുനരാരംഭിച്ചിരുന്നെങ്കിലും കാസര്‍കോട്ട് നിന്ന് രണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് തുടങ്ങിയത്. അടുത്തയാഴ്ച അടൂര്‍, പത്തനംതിട്ട, കൊട്ടാരക്കര സര്‍വീസുകള്‍ കൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.