ചന്ദ്രികയിൽ എത്തിയ കള്ളപ്പണം അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിനെതിരെ
എൻഫോഴ്സ്മെന്റ് പിടിമുറുക്കുന്നു.
കൊച്ചി : വിജിലന്‍സ് അറസ്റ്റിന് പിന്നാലെ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റും വന്നേക്കും. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ 29-ന് ഇ.ഡി. കൊച്ചി ഓഫീസില്‍ ചോദ്യംചെയ്തിരുന്നു. അന്നത്തെ മൊഴികള്‍ വിലയിരുത്തി വീണ്ടും വിളിപ്പിക്കുമെന്നാണ് ഇ.ഡി. നല്കുന്ന സൂചന. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
പത്തുകോടി രൂപ വാര്‍ഷിക പ്രചാരണ കാമ്പയിന് വഴി ചന്ദ്രികയ്ക്ക് കിട്ടിയതാണെന്നും താന്‍ നല്‍കിയതല്ലെന്നുമാണ് ഇബ്രാഹിംകുഞ്ഞ് വിജിലന്‍സിനും ഇ.ഡി.ക്കും നല്കിയ മൊഴി. ചന്ദ്രിക മാനേജ്മെന്റും ഇതേ നിലപാടാണ് സ്വീകരിച്ചത്. പണമിടപാട് അറിഞ്ഞ ആദായനികുതി വകുപ്പ് ചന്ദ്രികയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. നോട്ടുനിരോധന സമയത്തായിരുന്നു ഇടപാടെന്നതിനാലും ചന്ദ്രിക നഷ്ടത്തിലായതിനാലും ആദായനികുതി അടയ്ക്കാന്‍ സാവകാശം ലഭിച്ചില്ല. പകരം 2.02 കോടി രൂപ അടച്ചാണ് അക്കൗണ്ട് പുനരാരംഭിച്ചത്. ഇതായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.
എന്നാല്‍, വിജിലന്‍സും ഇ.ഡി.യും പറയുന്നത് ഇത് കള്ളപ്പണമാണെന്നാണ്. ഇതാണ് ആദായനികുതി വകുപ്പ് നിശ്ചയിച്ച പിഴയടച്ചതിന് പിന്നിലെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. എന്നാല്‍, ഇബ്രാഹിംകുഞ്ഞ് ഇത് സമ്മതിച്ചിട്ടില്ല. ഇതുസംബന്ധിച്ച രേഖകള്‍ ആദായനികുതിവകുപ്പ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റുചെയ്യാന്‍ തെളിവുകള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ് ഇ.ഡി. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ വിജിലന്‍സ് കണ്ടെടുത്ത രേഖകള്‍ ഇ.ഡിക്ക് കൈമാറും. ഇതുകൂടി പരിശോധിച്ചശേഷമാവും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുക.