ശബരിമലയിലെ മണ്ഡലകാല വരുമാനം ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടം.ഭക്തരേക്കള് ഇപ്പോള്‍ ‘ശരണം’ വിളിക്കുന്നത് അധികൃതര്‍
പത്തനംതിട്ട:തീർത്ഥാടകർ കുറഞ്ഞതോടെ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടം. കൊവിഡ് പശ്ചാത്തലത്തിൽ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും മാത്രമാണ് ദർശനാനുമതി. കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു. ഉദയാസ്തമന പൂജയും പടി പൂജയും പുനരാരംഭിച്ചതോടെയാണ് ഇത്തവണ വരുമാനം ഇത്രയെങ്കിലും ലഭിച്ചത്.പടിപൂജയ്ക്ക് 75,000 വും ഉദയാസ്തമന പൂജയ്ക്ക് 40,000 രൂപയുമാണ് വഴിപാട് തുക. സോപാനവും പരിസരവും ഇപ്പോൾ തീർത്തും വിജനമാണ്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാകാതെ ബുദ്ധിമുട്ടുന്ന ദേവസ്വം ബോർഡ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലാണ്. തീർത്ഥാടകരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 5000 ആയെങ്കിലും ഉയർത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിൽ തീർത്ഥാടകരുടെ എണ്ണം പ്രതിദിനം 20,000ത്തിൽ നിന്ന് 40,000 ആയി ഉയർത്തിയിട്ടുണ്ട്.. നിലവിലെ സ്ഥിതിഗതികൾ ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്തു.തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിയെ ധരിപ്പിച്ചു. തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ ഹൈക്കോടതി ദേവസ്വം ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സൗകര്യങ്ങൾ പരിഗണിച്ച് എണ്ണം വർദ്ധിപ്പിക്കുന്നതിൽ അപാകതയില്ലെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ജി. മനോജ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിഷയം ഹൈക്കോടതി തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കുന്നതോടെ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. സേഫ് സോൺ പദ്ധതിക്ക് തുടക്കമായി തീർത്ഥാടനത്തിനോടനുബന്ധിച്ച് കേരള മേട്ടോർ വാഹന വകുപ്പ്, കേരള റോഡ് സേഫ്ട അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരാറുളള റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ വി.സി വിനീഷ് ഉദ്ഘാടനം ചെയ്തു. ഇലവുങ്കൽ കേന്ദ്രീകരിച്ച് പ്രധാന കൺട്രോളിംഗ് ഓഫീസും കോട്ടയം ജില്ലയിൽ എരുമേലി, ഇടുക്കി ജില്ലയിൽ കുട്ടിക്കാനം എന്നീ രണ്ട് സബ് കൺട്രോളിംഗ് ഓഫീസുകളും പ്രവർത്തനം ആരംഭിച്ചു.പുണ്യമായി പടിപൂജയും ഉദയാസ്തമന പൂജയും സാധാരണ മലയാള മാസപൂജകൾക്കായി നട തുറക്കുന്ന അഞ്ച് ദിവസങ്ങളിൽ മാത്രം നടത്തിയിരുന്ന പടിപൂജയും ഉദയാസ്തമന പൂജയും തീർത്ഥാടകർക്ക് നിയന്ത്രണം ഉള്ളതിനാൽ ഈ മണ്ഡലകാലത്ത് ഡിസംബർ 15 വരെ ദിവസവും നടക്കും. മകരവിളക്ക് തീർത്ഥാടന കാലത്ത് ഡിസംബർ 31 മുതൽ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതൽ 19 വരെയും പടി പൂജയും ഉദയാസ്തമന പൂജയും നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ ( മാർച്ച്) പൂജകൾ മുതൽ മുടങ്ങിയ മലയാളമാസത്തിലെ പടി പൂജയും ഉദയാസ്തമന പൂജയുമാണ് നടന്നുവരുന്നത്. പടി പൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിയിക്കുകയും എത്താൻ കഴിയാത്തവർക്ക് പകരമായി ലിസ്റ്റിൽ നിന്ന് ശേഷം ഉള്ളവരെ പരിഗണിക്കുകയും അവർക്കും എത്താൻ കഴിയാത്ത പക്ഷം പുതിയതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.പടിപൂജ ദീപാരാധനയ്ക്ക് ശേഷമാണ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നത്. പതിനെട്ട് പടികളെയും 18 മലകളായി സങ്കൽപ്പിച്ച് അഭിഷേകവും നേദ്യവും പൂജകളും നടത്തുന്നു. ഉദയാസ്തമന പൂജ രാവിലെ എട്ട് മുതൽ അത്താഴപൂജ വരെ 18 പൂജകളായി നടക്കുന്നു. പടിപൂജയ്ക്ക് 75,000 രൂപയാണ് നിരക്ക്. നിലവിൽ 2036 വരെയുള്ള വർഷങ്ങളിലെ ബുക്കിംഗ് കഴിഞ്ഞു. ഉദയാസ്തമന പൂജയുടെ നിരക്ക് 40,000 രൂപ. നിലവിൽ 2027 വരെയുള്ള ബുക്കിംഗ് പൂർത്തിയായി.