ശബ്ദരേഖ സ്വപ്നയുടേത് തന്നെ, ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ഡി ഐ ജി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കുന്ന തരത്തില്‍ പുറത്തുവന്ന ശബ്ദസന്ദേശം തന്റേതാണെന്ന് സ്ഥിരീകരിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശബ്ദം തന്റേതാണെന്ന് ജയില്‍ ഡി.ഐ.ജി. അജയകുമാറിനോട് സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി. അജയകുമാര്‍ വ്യക്തമാക്കി. ഉറപ്പായിട്ടും പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍വെച്ച് എടുത്തതല്ല. ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി. പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കുന്ന തരത്തിലുള്ള ശബ്ദരേഖ പുറത്തു വന്നതില്‍ അടിമുടി ദുരൂഹത വര്‍ധിക്കുകയാണ്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീളുന്നതിനിടെയാണ് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന ഒരു പ്രതി ഇത്തരത്തില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതും അതു മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചിരുന്നു. ഇതു സത്യമെന്ന് തെളിയുന്നതാണ് സംഭവവികാസങ്ങള്‍.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ സ്വപ്ന സുരേഷ് പറയുന്നുണ്ട്. ഒരു വാര്‍ത്താ പോര്‍ട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞതായാണ് സ്വപ്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.
തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ശബ്ദസന്ദേശം അടിമുടി പിണറായിയെ സംരക്ഷിക്കുന്ന തരത്തിലാണ്. മറ്റൊരു കാര്യവും സന്ദേശത്തിലില്ല.