വിവാഹത്തിന് തടസ്സം നിന്ന ബിസിനസുകാരനെ കാമുകിയും പ്രതിശ്രുത വരനും ചേര്‍ന്ന് കൊലപ്പെടുത്തി,മൃതദേഹം സ്യൂട്ട്കേസില്‍ ഗുജറാത്തില്‍ കൊണ്ടുപോയി തള്ളി
ന്യുഡല്‍ഹി: സ്ഥാപനത്തിലെ ജീവനക്കാരിയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ബിസിനസുകാരനെ കാമുകിയുടെ പ്രതിശ്രത വരന് കൊലപ്പെടുത്തി. മൃതദേഹം വരനും യുവതിയും അമ്മയും ചേര്‍ന്ന് ഗുജറാത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. വിവാഹത്തിന് തടസ്സം നിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഈ മാസം 13നാണ് കൊലപാതകം നടന്നത്. നീരജ് ഗുപ്ത (46) ആണ് കൊല്ലപ്പെട്ടത്. യുവതി വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന വാടക വീട്ടിലാണ് കൊലപാതകം നടന്നത്. യുവതിയുടെ വീട്ടിലെത്തി ബഹളംവച്ച നീരജിനെ പ്രതിശ്രുത വരന് ആദ്യം കല്ലുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം വയറില്‍ കുത്തുകയായിരുന്നു. മൂന്നു തവണ കുത്തേറ്റു. തുടര്‍ന്ന കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കി. യുവതിയും അമ്മയുടെയും സഹായത്തോടെ മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് ട്രെയിനില്‍ കയറ്റി ഗുജറാത്തിലെ ബറുചില് കൊണ്ടുപോയി തള്ളുകയായിരുന്നു.
സംഭവത്തില്‍ ഫൈസല്‍ (29), അമ്മ ഷഹീന് നാസ് (45), പ്രതിശ്രുത വരന് ജുബെര്‍ (28) എന്നിവര്‍ അറസ്റ്റിലായി. നീരജ് ഗുപ്തയെ ആദര്‍ശ് നഗറിലെ കേവല്‍ പാര്‍ക്കില്‍ നിന്നും കാണാതായി എന്ന അയാളുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഫൈസലിനെ സംശയമുണ്ടെന്ന് ഭാര്യ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് ഫൈസലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
പത്തുവര്‍ഷത്തോളമായി യുവതിയുമായി നീരജ് ഗുപ്ത അവിഹിത ബന്ധമുണ്ടായിരുന്നു. യുവതിക്ക് വരുന്ന വിവാഹാലോചനകള്‍ നീരജ് ഗുപ്ത മുടക്കിയിരുന്നു. ജുബെറുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് നീരജ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. വാടക വീട്ടിലുണ്ടായ വഴക്കിനിടെ ഫൈസലിനെ നീരജ് പിടിച്ചുതള്ളി. ഇതുകണ്ട ജുബെര്‍ അയാളെ അടിച്ചുവീഴ്ത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.
കൊലപാതകത്തിനു ശേഷം മൃതദേഹം സ്യുട്ട്കേസില്‍ ഒളിപ്പിച്ച് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. റെയില്‍വേ പാന്‍ട്രി ജീവനക്കാരനായ ജുബെര്‍ രാജധാനി എക്സ്പ്രസില്‍ സ്യുട്ട്കേസ് കയറ്റി ഗുജറാത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കല്ലും കത്തിയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.