രണ്ട് കുട്ടികളുടെ അമ്മയായ യുവതിയോട് പ്രണയാഭ്യർത്ഥന, നിരസിച്ചപ്പോൾ ‘തുപ്പൽ പ്രതികാരം’: മുപ്പത്തിരണ്ടുകാരനെ പൊലീസ് പൊക്കി അകത്താക്കി
കൊച്ചി: അയ്യപ്പൻകാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ വീട്ടമ്മയോട് പ്രണയാഭ്യർത്ഥന നടത്തി നിരസിക്കപ്പെട്ടതോടെ മുഖത്തടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ചെയ്ത കേസിൽ എരമല്ലൂർ സ്വദേശി ശ്യാംകുമാറിനെ (32) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.പരാതിക്കാരി ഒരു വർഷം മുമ്പുവരെ എരമല്ലൂരിൽ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിച്ചെത്തി പ്രതി ശല്യപ്പെടുത്താൻ തുടങ്ങിയതോടെ വീട്ടമ്മ അയ്യപ്പൻകാവ് ഭാഗത്തേക്ക് താമസം മാറ്റി. ഈ മാസം 16ന് രാവിലെ ഏഴോടെ വീട്ടമ്മ ഓഫീസിലേക്ക് പോകുന്നതിനായി അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം ബൈക്കിലെത്തിയ ശ്യാം യുവതിയോട് പ്രണയാഭ്യാർത്ഥന നടത്തുകയും നിരസിച്ചതോടെ റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയുമായിരുന്നു.വീട്ടമ്മയുടെ പരാതിയിൽ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശ്യാമിനെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ സിബി ടോം, സബ് ഇൻസ്പെക്ടർ വി.ബി.അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.